ചിന്തയെ പ്രതിയാക്കണമെന്ന് കോൺഗ്രസ്; മാർച്ച് 1ന് കമ്മിഷണർ ഓഫീസ് മാർച്ച്
കൊല്ലം: കഴിഞ്ഞ ചൊവ്വാഴ്ച ചിന്നക്കടയിൽ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിനെ പ്രതിയാക്കണമെന്നും ആക്രമണത്തിന് നേതൃത്വം നൽകിയ ഡി.വൈ.എപ്.ഐ ജില്ലാ ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ മാർച്ച് 1ന് കമ്മിഷണർ ഓഫീസ് മാർച്ച് നടത്തും.
ചിന്താജെറോമിന്റെ ആഡംബര റിസോർട്ട് വാസം പൊതുജന മദ്ധ്യത്തിൽ കൊണ്ടുവരികയും അവർക്കെതിരെ നിയമപരമായി പരാതി നൽകുകയും ചെയ്തതിന്റെ വിരോധമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തെയും മറ്റ് യൂത്ത് കോൺഗ്രസുകാരെയും അക്രമിക്കാൻ കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
'ചിന്താ ജെറോമിനെതിരെ കേസ് കൊടുക്കുമോടാ' എന്ന് ആക്രോശിച്ചാണ് വിഷ്ണു സുനിലിനെ ആയുധങ്ങളുമായി ആക്രമിച്ചത്. ഇത് ഗൂഢാലോചന നടന്നു എന്നതിന് തെളിവാണ്. ആക്രമണത്തിന് ശേഷം ചിന്താ ജെറോമുമായി പ്രതികൾ ഒന്നിച്ചിരുന്നു ചിരിച്ച് ഉല്ലസിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും ഡി.വൈ.എഫ്.ഐക്കാർ നൽകിയ പ്രതികളിൽ അറസ്റ്റ് ഒഴിവാക്കാനാണ് പൊലീസ് നീക്കം.
മാർച്ച് 1ന് രാവിലെ 10ന് പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പങ്കെടുക്കും.
പി.രാജേന്ദ്രപ്രസാദ്, പ്രസിഡന്റ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി