ആൾമറയില്ലാത്ത കിണറുകൾ നാട്ടുകാർക്ക് ഭീഷണി
Saturday 25 February 2023 12:28 AM IST
അഞ്ചൽ: ആൾമറയില്ലാത്തതും തുറസായതുമായ കിണറുകൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം പ്രദേശത്ത് ഇത്തരത്തിലുള്ള നിരവധി കിണറുകളുണ്ട്. ആൾപ്പാർപ്പില്ലാത്ത വീടുകളോട് ചേർന്നുള്ളതും പുരയിടങ്ങളിലുള്ളതുമായ കിണറുകളിൽ നായ്ക്കളും മറ്റ് വളർത്തുമൃഗങ്ങളും വീഴുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചുമകൾ ഭാഗത്തുള്ള ആൾമറയില്ലാത്ത ആഴമേറിയ കിണറ്റിൽ അകപ്പെട്ട നായയെ കൊട്ടാരക്കര നിന്ന് ഫയർഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. സ്ഥലവാസിയല്ലാത്ത ആളുടെ ഉടമസ്ഥതയിലുള്ളതാണ് കിണർ. ഗ്രാമപഞ്ചായത്തധികൃതർ ഇടപെട്ട് ഉടമകൾക്ക് നോട്ടീസ് നൽകി. കിണറുകൾ നികത്തുന്നതിനോ, ആൾമറ കെട്ടി സംരക്ഷിക്കുന്നതിനോ തയ്യാറായില്ലെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.