സസ്‌പെൻഷനിലായ സി.ഐ കാറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പുതുക്കാട്: പ്രകൃതിവിരുദ്ധ പീഡനമാരോപിച്ചുള്ള പരാതിയിൽ സസ്പെൻഷനിലായതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ പെട്രോളുമായി പുറപ്പെട്ട സി.ഐയെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയും മീനാക്ഷിപുരം സി.ഐയുമായിരുന്ന ലിബിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പാലിയേക്കര ടോൾ പ്ലാസയിൽ വച്ചായിരുന്നു പിടികൂടിയത്.
മീനാക്ഷിപുരം സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സസ്‌പെൻഷനിലായത്. ഇല്ലാത്ത പരാതി ഉന്നയിച്ച വ്യക്തിയെ വകവരുത്തി താൻ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം പെട്രോളുമായി മീനാക്ഷിപുരത്തേക്ക് ഇയാൾ പുറപ്പെട്ടു. വിവരമറിഞ്ഞ്
പുതുക്കാട് പൊലീസ് ലിബിയെ തടയാനായി ടോൾ പ്ലാസയിൽ കാത്തുനിന്നു. പെട്രോൾ കരുതിയിട്ടുണ്ടെന്നറിഞ്ഞതിനാൽ ഫയർഫോഴ്‌സുമെത്തി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനിടെ പെട്രോൾ തലയിലൂടെ ഒഴിച്ചു. കാറിന്റെ ചില്ല് തകർത്ത് ഫയർഫോഴ്‌സ് വെള്ളം പമ്പ് ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.