മൂന്നാം ടെസ്റ്രിൽ സ്മിത്ത് ഓസീസിനെ നയിക്കും

Saturday 25 February 2023 5:10 AM IST

ഇൻഡോർ: ബോർഡർ- ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലാകും ഓസ്ട്രേലിയ ഇന്ത്യയെ നേരിടാനിറങ്ങുക. അമ്മയുടെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടാം ടെസ്റ്ര് അവസാനിച്ചതിന് പിന്നാലെ കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്നാം ടെസ്റ്റിന് മുൻപ് കമ്മിൻസിന് മടങ്ങിവരാനാകല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

തന്റെ സാന്നിധ്യം കുടുംബത്തിന് ഏറെ അത്യാവശ്യമായ സമയമാണിതെന്നും അതിന് പിന്തുണ നൽകുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കും സഹതാരങ്ങൾക്കും വളരെ നന്ദിയെന്നും കമ്മിൻസ് പ്രതികരിച്ചിരുന്നു. 2021ൽ വീണ്ടും ഉപനായകനായ ശേഷം കമ്മിൻസിന്റെ അഭാവത്തിൽ സ്മിത്ത് നായകനാകുന്ന മൂന്നാമത്തെ ടെസ്റ്റാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഓസ്ട്രേലിയ നാല് കളികൾ ഉൾപ്പെട്ട പരമ്പരയിൽ 0-2ന് പിന്നിലാണ്. ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫി നിലനിറുത്തുകയും ചെയ്തു. മാർച്ച് 1 മുതൽ ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുക.

ഗ്രീൻ കളിച്ചേക്കും

പരിക്കിൽ നിന്ന് മോചിതനായ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും.