പടിക്കൽ പിന്നേം കലമുടച്ച് പെൺപട

Saturday 25 February 2023 5:24 AM IST

വീണ്ടുമൊരു പ്രധാന ടൂർണമെന്റിന്റെ ചാമ്പ്യൻപട്ടത്തിനരികിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇടറി വീണു. ആരും പ്രതീക്ഷിക്കാത്തിടത്തു നിന്ന് 2017ലെ ഏകദിന ലോകകപ്പ് ഫൈനൽവരെ കുതിച്ചെത്തി ഇന്ത്യൻ വനിതകൾ ക്രിക്കറ്റിൽ തുടങ്ങി വച്ച വിപ്ലവം ഇപ്പോഴതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. എന്നാൽ ആറ് വർഷത്തിനിപ്പുറവും വലിയ ടൂർണമെന്റുകളിൽ കിരീടത്തിനരികൽ കലമുടയ്ക്കുന്ന പതിവ് ഇന്ത്യയ്ക്ക് മാറ്റാനായിട്ടില്ല.

2017 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യൻ പെൺപട 2018ലെ ട്വന്റി-20 ലോകകപ്പിന്റെ സെമിയിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ അടയറവ് പറഞ്ഞു. അതിന് ശേഷം കോമൺവെൽത്ത് ഗെയിംസ് സ്വ‌ർണമെഡൽ മത്സരത്തിലും കംഗാരുക്കൾ സഞ്ചിയിലാക്കി. ഇത്തവണ ട്വന്റി-20 ലോകകപ്പ് സെമിയിൽ വീണ്ടും ഓസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നിൽ ബാലികേറാ മലയായി.

എന്ത് കൊണ്ട് തോറ്രു

ഇത്തവണ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതിന് നിരവധിക്കാരണങ്ങളുണ്ട്.

1. ഫീൽഡിംഗിലെ പിഴവുകളും കൈവിട്ട ക്യാച്ചുകളും.സെമിയിൽ അഞ്ചോളം ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ നിലത്തിട്ടു. സെമിയിൽ 25-30 റൺസ് വരെ തടയാമായിരുന്നു. ഷഫാലിയും റിച്ചാ ഘോഷും മികച്ച ബാറ്രർമാരാണെങ്കിലും സെമിയിൽ ഫീൽഡിംഗിലും കീപ്പിംഗിലും ഇരുവരുടേയും പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.

2.സ്മൃതി മന്ഥാന (138.5) ഒഴികെ മറ്രൊരു താരത്തിനും ഈ ടൂർണമെന്റിൽ മികച്ച സ്ട്രൈക്ക് റേറ്റില്ല. സ്മൃതി പക്ഷേ സ്ഥിരത പുലർത്തിയില്ല. ഷഫാലി, ഹർമ്മൻപ്രീത്,ദീപ്തി ശ‌ർമ്മ,യസ്തിക ഭാട്ടിയ എന്നിവരുടെയെല്ലാം സ്ട്രൈക്ക് റേറ്റ് 110ൽ താഴെയായിരുന്നു. നല്ലൊരു ഫിനിഷറുടെ അഭാവം സെമിയിൽ പ്രക

3.സ്പിന്നർമാ‌ർ പാടെ നിരാശപ്പെടുത്തി. രാജേശ്വരി ഗെയ്‌ക്‌വാദിന് ഒരുവിക്കറ്റ് പോലും കിട്ടിയില്ല. ദീപ്തിയും രാധയും മികവിലേക്കുയർന്നില്ല. പേസ് നിരയിൽ രേണുക മാത്രം നന്നായി കളിച്ചു. എന്നാൽ സെമിയിൽ സമ്മർദ്ധത്തിലായി അടിവാങ്ങിക്കൂട്ടി.

4.സ്മൃതി മന്ഥന വലിയ ടൂർണമെന്റുകളുടെ നോക്കൗട്ടുകളിൽ സ്ഥിരം പരാജയപ്പെടുന്നു. ഷഫാലിയുടെ ഷോട്ട് ബാളുകൾ നേരിടുന്നതിലെ ദൗർബല്യം ബൗളർമാർ മുതലാക്കുന്നു. ബൗണ്ടറികൾ മാത്രം ശ്രദ്ധിച്ച് വമ്പനടിക്ക് കൂടുതൽ ശ്രമിക്കുന്നതിനാൽ ധാരാളം ഡോട്ട് ബാളുകൾ. ദീപ്തിയുടെ ബാറ്റിംഗ് ശൈലി ട്വന്റി-20യ്ക്ക് പറ്റിയതല്ല.

5. കോച്ചുമാരെ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്ന രീതി അവസാനിപ്പിക്കണം.

6. ക്യാപ്ടൻ ഹർമ്മൻ പ്രീത് ഉൾപ്പെടെ ഒരുപിടി താരങ്ങൾ പൂ‌ണമായും ഫിറ്റായിരുന്നില്ല. രാധാ യാദവ്,​ പൂജ വസ്ട്രാക്കറുമെല്ലാം ഇതിൽ പെടുന്നു.

ഞാൻ കരയുന്നത് എന്റെ രാജ്യം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞാൻ സൺഗ്ലാസ് വച്ചിരിക്കുന്നത്. ഞങ്ങൾ മെച്ചപ്പെടും. ഇനിയൊരിക്കലും രാജ്യത്തെ ഇതുപോലെ നിരാശയിലേക്ക് ഞങ്ങൾ തള്ളിവിടില്ലെന്ന് ഉറപ്പു നൽകുന്നു.

ഹർമ്മൻ പ്രീത് സെമിയിലെ തോൽവിക്ക് ശേഷം