സമൃദ്ധി കിച്ചൺ മഹാരാജാസ് ഗ്രൗണ്ടിൽ
Sunday 26 February 2023 12:55 AM IST
കൊച്ചി: കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിന്റെ അടുക്കള എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും. സംസ്ഥാന എക്സൈസ് കലാ കായികമേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണ പദാർത്ഥങ്ങളാണ് ഈ താത്കാലിക അടുക്കളയിൽ വറക്കുകയും പൊരിക്കുകയും ചെയ്യുന്നത്. മേളയിൽ പങ്കെടുക്കുന്ന 1600 പേർക്കുള്ള ഭക്ഷണവും സമൃദ്ധിയിൽ നിന്നാണ് . ആദ്യ ദിനമായ ഇന്നലെ പ്രഭാതഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും സമൃദ്ധിയിൽ നിന്നെത്തിച്ചു. നോർത്തിലെ ലിബ്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സമൃദ്ധിയുടെ അടുക്കള ഇതാദ്യമായാണ് പുറത്തേക്ക് എത്തുന്നത്. ഇത്രയും ആളുകൾക്ക് അഞ്ചു നേരവും കൃത്യസമയത്ത് ഭക്ഷണം വിളമ്പാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഇവിടെ താത്കാലിക അടുക്കള സ്ഥാപിച്ചതെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബാലാൽ പറഞ്ഞു.