കലാഭവൻ മണി അനുസ്മരണവും പുരസ്‌കാര ദാനവും

Sunday 26 February 2023 12:39 AM IST

കൊച്ചി: ദേശീയ കലാസംസ്‌കൃതി (എൻ.സി.പി)യുടെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണവും പുരസ്‌കാര ദാനവും മാർച്ച് ആറിന് സംഘടിപ്പിക്കും. വൈകിട്ട് ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന പരിപാടിയിൽ സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ചെയർമാൻ മമ്മി സെഞ്ച്വറി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദ്രോണ ഫിലിം പുരസ്‌കാരം ചരിത്ര സിനിമകളായ പഴശിരാജ, പത്തൊൻപതാം നൂറ്റാണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവ് ഗോകുലം ഗോപാലന് സമ്മാനിക്കും. മികച്ച സംവിധായകനുള്ള പുരസ്‌കാരം വിനയന് (പത്തൊൻപതാം നൂറ്റാണ്ട്) നൽകും. ഇരുവർക്കും 25,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരമാണ് നൽകുക. മികച്ച സിനിമക്കുള്ള പുരസ്‌കാരം ഗോഡ്‌സ് ഓൺ പ്ലെയേഴ്‌സ്, സ്റ്റാർ ഒഫ് ദി ഇയർ പുരസ്‌കാരം (പുരുഷ വിഭാഗം) രമേഷ് പിഷാരഡി, സ്റ്റാർ ഒഫ് ദി ഇയർ (വനിതാ വിഭാഗം) നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി എന്നിവർക്ക് നൽകും.

മിനി സ്‌ക്രീൻ അവാർഡ് മികച്ച നടൻ യുവകൃഷ്ണ, മികച്ച വില്ലൻ ജീവാനിയോസ് പുല്ലൻ, നായിക മൃദുല വിജയ് എന്നിവരും ഏറ്റുവാങ്ങും. ജൂറി അവാർഡ് വി.എൻ. സുഭാഷിന് നൽകും. നാടൻ പാട്ടുകൾക്കുള്ള അവാർഡ് ഗായകൻ രഞ്ചു ചാലക്കുടി, ഗായിക വസന്ത പഴയന്നൂർ എന്നിവർക്കാണ്. പ്രവാസി കലാരത്‌ന പുരസ്‌കാരത്തിന് നസീർ പെരുമ്പാവൂർ, പ്രവാസി കാരുണ്യ അവാർഡുകൾ മൊയ്ദീൻ അബ്ദുൽ അസീസ്, പോൾ കറുകപ്പള്ളി എന്നിവരും അർഹരായി.