സ്വർണ ഡിമാൻഡ് ഈ വർഷം തിരിച്ചുകയറും: ഡബ്ള്യു.ജി.സി

Sunday 26 February 2023 3:32 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ സ്വർണ ഡിമാൻഡ് ഈവർഷം 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ള്യു.ജി.സി) സി.ഇ.ഒ ഡേവിഡ് ടെയ്‌റ്റ് വ്യക്തമാക്കി. നാണയപ്പെരുപ്പം ഈവർഷം കുറയുമെന്നാണ് വിലയിരുത്തൽ. ഇത് ഉപഭോക്തൃവിപണിക്ക് കരുത്താകും. ഇത് സ്വർണ ഇറക്കുമതി കൂടാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഡിമാൻഡ് 770 ടണ്ണായിരുന്നു.

റെക്കാഡ് വിലക്കയറ്റം, റഷ്യ-യുക്രെയിൻ യുദ്ധം സൃഷ്‌ടിച്ച സമ്പദ്‌പ്രതിസന്ധി എന്നിവയാണ് കഴിഞ്ഞവർഷം ഡിമാൻഡ് താഴാൻ വഴിയൊരുക്കിയത്. ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ, പ്രത്യേകിച്ച് ഇന്ത്യയുടെ റിസർവ് ബാങ്കും വൻതോതിൽ ഈവർഷം സ്വർണശേഖരം ഉയർത്തുമെന്നാണ് പ്രതീക്ഷ. 2022ൽ കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ അളവ് 1967ന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു.

വില ഈമാസത്തെ

താഴ്ചയിൽ

കേരളത്തിൽ സ്വർണവില ഇന്നലെ ഈമാസത്തെ ഏറ്റവും താഴ്ചയിലെത്തി. 41,360 രൂപയിൽ നിന്ന് പവൻവില 41,200 രൂപയായും ഗ്രാംവില 5,170 രൂപയിൽ നിന്ന് 5,150 രൂപയായും കുറഞ്ഞു. ഈമാസം രണ്ടിന് പവൻവില 42,880 രൂപയും ഗ്രാംവില 5,360 രൂപയുമായിരുന്നു.

$1,811

രാജ്യാന്തര സ്വർണവിലയും താഴേക്കിറങ്ങുന്നതിനാൽ വരുംദിവസങ്ങളിലും കേരളത്തിൽ സ്വർണവില കുറഞ്ഞേക്കാം. ഒരുമാസത്തോളം മുമ്പ് ഔൺസിന് 1,950 ഡോളറായിരുന്ന വില ഇപ്പോഴുള്ളത് 1,​811 ഡോളറിലാണ്. ഒരാഴ്‌ച മുമ്പ് വില 1,​842 ഡോളറായിരുന്നു.