റേഷൻ വിതരണം സുഗമമാക്കാൻ നടപടിയുമായി ജില്ലാ ഭരണകൂടം

Saturday 25 February 2023 10:29 PM IST

കൊച്ചി: ജില്ലയിലെ റേഷൻ സാധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയോടും അവിടുത്തെ കയറ്റിറക്ക് തൊഴിലാളികളോടും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, കരാറുകാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. റേഷൻ വിതരണത്തിന് ആവശ്യമായ ലോഡ് എത്തുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് എ.ഡി.എം. അടിയന്തര യോഗം വിളിച്ചത്. ഈ സാഹചര്യത്തിൽ അട്ടിക്കൂലി അനുവദിക്കാൻ കഴിയില്ലെന്നും റേഷൻ സാധനങ്ങൾ സിവിൽ സപ്ലൈസിന് കൈമാറുന്നതിനുള്ള നടപടി ഫുഡ് കോർപ്പറേഷൻ സ്വീകരിക്കണമെന്നും എ.ഡി.എം നിർദ്ദേശിച്ചു. നാലു ദിവസത്തിനകം 211 ലോഡ് കൂടി സിവിൽ സപ്ലൈസിനു ലഭിക്കണം. അല്ലാത്ത പക്ഷം റേഷൻ വിതരണത്തിന് തടസം നേരിടും. സിവിൽ സപ്ലൈസിന് ലോഡ് എത്തിക്കുന്നതിനുള്ള നടപടി എഫ്.സി.ഐ സ്വീകരിക്കണം. ഇതിന് തടസം നിൽക്കുന്ന തൊഴിലാളികൾക്കെതിരേ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി സംബന്ധിച്ച വിശദമായ റിപ്പോർട്ട് നാളെ വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കാനും എ.ഡി.എം. നിർദ്ദേശിച്ചു.