പഴുതൊരുക്കിയത് തിരിച്ചെത്താൻ, 3 പൊലീസുകാരെ പിരിച്ചുവിട്ടത് പി.എസ്.സിയെ അറിയിക്കാതെ
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പൊലീസുകാരെ പിരിച്ചുവിടും മുൻപ് പി.എസ്.സിയുടെ ഉപദേശം തേടിയില്ലെന്ന് വിവരാവകാശ നിയമപ്രകാരം പൊലീസിന്റെ മറുപടി. പിരിച്ചുവിടപ്പെട്ടവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് തിരിച്ചെത്താനുള്ള വഴിയൊരുക്കാനാണ് ഈ പിഴവു വരുത്തിയതെന്നാണ് ആക്ഷേപം.
തിരുവനന്തപുരത്തെ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, സി.പി.ഒമാരായ ഷെറി എസ്. രാജ്, റെജി ഡേവിഡ് എന്നിവരെ പിരിച്ചുവിടാനാണ് ഉപദേശം തേടാത്തത്. അഭിഭാഷകനായ അഭിലാഷിന്റെ അപേക്ഷയിൽ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറാണ് മറുപടി നൽകിയത്.
റിക്രൂട്ടിംഗ് അധികാരിയായ പി.എസ്.സിയുടെ അനുമതിയോടെയേ നിയമനാധികാരിക്ക് പിരിച്ചുവിടൽ ഉത്തരവിറക്കാനാവൂ എന്നാണ് ചട്ടം. പിരിച്ചുവിടാനുള്ള ഫയൽ പി.എസ്.സിയിലെ ഡിസിപ്ലിനറി സബ്‌കമ്മിറ്റി പഠിച്ച് നിർദ്ദേശം രേഖപ്പെടുത്തുകയും പി.എസ്.സി ചെയർമാൻ ഇത് അംഗീകരിച്ച് സർക്കാരിന് കൈമാറുകയും വേണം. പിരിച്ചുവിട്ടാൽ, കോടതിയെ സമീപിച്ച് തിരിച്ചെത്താതിരിക്കാൻ എല്ലാ പഴുതുകളും അടച്ച് ഉത്തരവിറക്കണമെന്ന് നിയമസെക്രട്ടറി നിർദ്ദേശിച്ചിരുന്നതാണ്. എന്നിട്ടും നടപടിക്രമം പൂർത്തിയാക്കിയില്ല. അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടാൻ താത്കാലികമായി തീരുമാനിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയുമാണ് ചെയ്തിട്ടുള്ളത്.