വടകരയിൽ മാർച്ച് ഒന്നിന് തൊഴിൽമേള
വടകര: പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും വി.എച്ച്.സി വിജയിച്ചവരോ തുടർപഠനം നടത്തിയവരോ ആയ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നു. മാർച്ച് 1 ന് രാവിലെ 9മുതൽ 2.30 വരെ വടകര ടൗൺഹാളിൽ നടക്കുന്ന മേള കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസ്, വടകര നഗരസഭ, കരിയർ ഡെവലപ്മെൻറ് സെന്റർ പേരാമ്പ്ര എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. നൂറിൽപരം തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്ന മേളയിൽ രണ്ടായിരത്തിൽ പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘാടക സമിതി രൂപീകരിച്ചു. കെ.കെ.രമ എം.എൽ.എ രക്ഷാധികാരിയും മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു കെ.പി ചെയർപേഴ്സണും വടകര റീജണൽ വെക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റൻറ് ഡയറക്ടർ അപർണ വി.ആർ ജനറൽ കൺവീനറുമായും പ്രവർത്തിക്കും. തൊഴിൽ മേള വെബ്സൈറ്റിൽ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. സ്പോട് രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണ്.