മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Sunday 26 February 2023 12:16 AM IST

കോഴിക്കോട്: ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം വെെകിയെത്തിയ നിയമ വിദ്യാർത്ഥിനിയെ എട്ടാം സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം മേൽമുറി എം.സി.ടി ലാകോളേജ് പ്രിൻസിപ്പലും കോഴിക്കോട് സർവകലാശാലാ രജിസ്ട്രാറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പരീക്ഷ ആരംഭിച്ച് ആദ്യ അരമണിക്കൂർ വരെ പ്രവേശനം അനുവദിക്കാം എന്നാണ് സർവകലാശാലാ ചട്ടം. ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രിൻസിപ്പലിനെയും ഇൻവിജിലേറ്ററെയും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർത്ഥിനി കമ്മിഷനെ അറിയിച്ചു.