എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്ന് അസോ.
തിരുവനന്തപുരം: ആരോഗ്യ ഇൻഷ്വറൻസെടുത്ത എല്ലാ കെ.എസ്.ഇ.ബി പെൻഷൻകാർക്കും ക്ളെയിം നൽകുമെന്ന ഉറപ്പുമായി പെൻഷണേഴ്സ് അസോസിയേഷൻ. ഇന്നലെ കേരളകൗമുദി നൽകിയ വാർത്തയ്ക്കുള്ള വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. 20 കോടി പ്രീമിയം വാങ്ങിയിട്ട് 16 കോടിയുടെ ക്ളെയിം നൽകിയാൽ മതിയെന്ന് കരാറിൽ ഒപ്പുവച്ചെന്നായിരുന്നു വാർത്ത.
പ്രീമിയത്തെക്കാൾ ക്ളെയിം വന്ന് ഇൻഷ്വറൻസ് കമ്പനിക്ക് നഷ്ടം വരുന്നതുകൊണ്ടാണ് ഇങ്ങനെ വ്യവസ്ഥ വച്ചത്. 2021-22ൽ 12.26 കോടി പ്രീമിയം നൽകിയപ്പോൾ 17.93കോടി ക്ളെയിം നൽകേണ്ടിവന്നു. 2022-23ൽ 14.52കോടി പ്രീമിയം നൽകിയപ്പോൾ 15.54കോടിയാണ് ക്ളെയിം. ഇതുമൂലമാണ് ഇത്തവണ 20കോടി പ്രീമിയം നൽകുമ്പോൾ 16 കോടി ക്ളെയിം നൽകിയാൽ മതിയെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതിന് മുകളിൽ ക്ളെയിം വന്നാൽ ആവശ്യമായ പരിരക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബാലകൃഷ്ണപിള്ള, ഭാരവാഹികളായ കെ.സുനിൽ, പ്രസന്നകുമാർ എന്നിവർ അറിയിച്ചു.