മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ പൊങ്കാലയും ഉത്സവവും

Saturday 25 February 2023 11:24 PM IST
d

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാലയും ഉത്സവം കൊടിയേറ്റും മാർച്ച് 2 ന് നടക്കും. പൊങ്കാല ഉത്സവത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2ന് രാവിലെ 8 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്. പ്രകാശ് ഉദ്ഘാടനം നിർവഹിക്കും. കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാട് അദ്ധ്യക്ഷത വഹിക്കും. 9 ന് തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ശ്രീകോവിലിൽനിന്ന് പകരുന്ന ദീപം ഭണ്ഡാര അടുപ്പിലേക്കും അവിടെ നിന്ന് പൊങ്കാല അടുപ്പുകളിലേക്കും പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 12 ന് കൊടിയേറ്റ് സദ്യ നടക്കും. രാത്രി 7.35 ന് കൊടിയേറ്റ് . ഉത്സവത്തോടനുബന്ധിച്ച് 11 ദിവസങ്ങളിലായി കലാപരിപാടികൾ നടക്കുന്ന കലാവേദിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും. മാർച്ച് 11 ന് വൈകിട്ട് 3.30 ന് മലയാലപ്പുഴ പൂരം നടക്കും. ഉത്സവ സമാപന ദിവസമായ 12 ന് വൈകിട്ട് 4 ന് ആറാട്ട് ഘോഷയാത്ര , രാത്രി 8 ന് ഭക്തിഗാനമേള , 10 ന് നൃത്ത നാടകം. ക്ഷേത്രത്തിനുസമീപമുള്ള എല്ലാ വീഥികളിലും പൊങ്കാലയിടുന്നതിനുള്ള സൗകര്യമുണ്ട്. പൊങ്കാലയിടുന്ന ഭക്തജന ങ്ങൾക്ക് അടുപ്പ് ക്ഷേത്ര ഉപദേശകസമിതി നൽകും. വിവിധ സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും വകയായി ഭക്തജനങ്ങൾക്ക് ദാഹജലം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. യാത്രാസൗകര്യത്തിനായി കെ.എസ് ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയിൽനിന്ന് സ്‌പെഷ്യൽ സർവീസ് നടത്തും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട്, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ, അനിൽ കെ.കെ. പ്രവീൺ. പി, ശരത് കൃഷ്ണൻ, ശശിധരൻ നായർ പാറയരുകിൽ, എൻ.എസ്. വിജയകുമാർ എന്നിവർ പങ്കെടുത്തു.