എറണാകുളം അതിരൂപതയിൽ  വൈദികർക്ക് കൂട്ട സ്ഥലംമാറ്റം

Sunday 26 February 2023 12:00 AM IST

കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം അതിരൂപതയിൽ വൈദികർക്ക് കൂട്ട സ്ഥലംമാറ്റം. എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിയെ സ്ഥലംമാറ്രിയെങ്കിലും വികാരി ആന്റണി നരിക്കുളത്തെ നിലനിറുത്തി. ഫാ. ആന്റണി പൂതവേലിയെ മൂഴിക്കുളം ഫെറോന വികാരിയായിട്ടാണ് സ്ഥലംമാറ്റിയത്. സ്ഥലംമാറ്രത്തിൽ അതിരൂപതയിലെ വിമത വൈദികവിഭാഗവും കർദിനാൾ അനുകൂലികളും എതി‌ർപ്പ് പ്രകടിപ്പിച്ചു. 350 വൈദികരാണ് സഭയിലുള്ളത്. ഇതിൽ 79 പേരെയാണ് സ്ഥലംമാറ്റിയത്. വാർഷിക സ്ഥലംമാറ്റമാണെന്നാണ് സഭയുടെ ഔദ്യോഗിക അറിയിപ്പ്.

സിനഡ് അംഗീകരിച്ച പരിഷ്കരിച്ച കുർബാന പള്ളിയിൽ അർപ്പിച്ച നാല് വൈദികരും സ്ഥലംമാറ്രപ്പെട്ടവരിലുണ്ട്. ഫാ. ആന്റണി പൂതവേലി, സൈമൺ പള്ളിപ്പേട്ട, ഫാ. തരിയൻ ഞാളിയാത്ത്, ഫാ. ആന്റണി മാങ്കുറ്റിയിൽ എന്നിവരെയാണ് സ്ഥലംമാറ്റിയത്. വിമതവിഭാഗത്തിന് നേതൃത്വം നൽകിയ ഫാ. കുര്യാക്കോട് മുണ്ടാടനെ കുഴിപ്പള്ളിയിലേക്കും ഫാ. വർഗീസ് പൂതവേലിത്തറയെ കറുകുറ്റിയിലേക്കും സ്ഥലംമാറ്റി.

സ്ഥലംമാറ്രം പൂർണമായി അംഗീകരിക്കില്ല

വൈദികരുടെ വാർഷിക സ്ഥലംമാറ്റപ്പട്ടിക പൂർണ്ണമായി അംഗീകരിക്കാൻ ആവില്ലെന്ന് അൽമായ മുന്നേറ്റം അതിരൂപതാ സമിതി അറിയിച്ചു. സ്ഥലംമാറ്റപ്പെട്ടവർ പുതിയ ഇടവകയിൽ ചുമതല ഏൽക്കുമ്പോൾ എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ വികാരമായ ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കൂ എന്ന് വിശ്വാസികൾക്ക് ഉറപ്പ് നൽകണം.

സ്ഥലംമാറ്റ ലിസ്റ്റ് റദ്ദാക്കണം

സഭയിലെ നിയമങ്ങൾ പരസ്യമായി ലംഘിക്കുകയും സഭാ മേലദ്ധ്യക്ഷന്മാരെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ സംരക്ഷിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ച പൊതുസ്ഥലംമാറ്റ പട്ടിക എത്രയുംവേഗം റദ്ദാക്കണമെന്ന് വിവിധ അൽമായ സംഘടനകളുടെ കൂട്ടായ്മയായ സംയുക്തസഭാ സംരക്ഷണ സമിതി യോഗം അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് തെറ്റായ മാതൃക നൽകുകയും അതിരൂപതയിലെ പ്രശ്‌നങ്ങൾക്ക് നേതൃത്വം വഹിക്കുകയും വിശ്വാസികളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വൈദികരെ വീണ്ടും ഇടവക വികാരിമാരായി നിയമിച്ചതിലൂടെ സഭാനേതൃത്വം തെറ്റായ സന്ദേശമാണ് വിശ്വാസികൾക്കും പൊതുസമൂഹത്തിലും നൽകുന്നതെന്ന് യോഗം വിലയിരുത്തി.