നവകേരളം കർമ്മ പദ്ധതി: ജല സുരക്ഷിക്കായി ജല ബഡ്ജറ്റ്
പാലക്കാട്: സുസ്ഥിര വികസനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജല സുരക്ഷിക്കായി ജലബജറ്റിന് രൂപം നൽകുന്നു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യത വിനിയോഗം അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത് ചിറ്റൂർ ബ്ലോക്കിനെയാണ്. സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത്. ജല ബഡ്ജറ്റിന്റെ വിവരശേഖരണം മാർച്ച് രണ്ടിന് ആരംഭിക്കുമെന്ന് നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ പി.സെയ്തലവി പറഞ്ഞു. കുടിവെള്ളം, കാർഷികം, വ്യവസായം, വിനോദസഞ്ചാരം മേഖലയിലെ പ്രവർത്തനങ്ങൾക്കെല്ലാം ജലം ആവശ്യമാണ്. ഇവ നിറവേറ്റുന്നതിന് വേണ്ടത്ര ജലലഭ്യത ഉറപ്പാക്കാൻ വിവിധ ഇടപെടലുകൾ ആവശ്യമായി വരുന്നുണ്ട്. അതിന് സഹായകരമായ അടിസ്ഥാന രേഖയാണ് ജലബജറ്റ് വിഭാഗം ചെയ്യുന്നത്. പ്രദേശിക പ്രത്യേകതകൾ, സാഹചര്യം, സാധ്യതകൾ എന്നിവ ജലബജറ്റ് തയ്യാറാക്കുമ്പോൾ വിവര ശേഖരണത്തിന്റെ ഭാഗമാകും. പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിനാണ് ജല ബജറ്റ്.