പീഡന കേസ് പ്രതിയെ അന്വേഷിച്ചിറങ്ങി, പൊലീസ് സംഘം വനത്തിൽ കുടുങ്ങി

Sunday 26 February 2023 4:37 AM IST

പീരുമേട്: വണ്ടിപ്പെരിയാർ സത്രം വനമേഖലയിൽ പോക്സോ കേസ് പ്രതിയെ തപ്പി ഇറങ്ങിയ പൊലീസ് സംഘത്തിലെ നാലുപേർ വനത്തിൽ കുടുങ്ങി. ഫയർഫോഴ്‌സ്,​ വനംവകുപ്പ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൊടും കാട്ടിലകപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പോക്‌സോ കേസിലെ പ്രതിയായ ജോയി എന്ന ആദിവാസി യുവാവിനെ അന്വേഷിച്ച് റാന്നി ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പമ്പ സി.ഐ മഹേഷ്, എസ്.ഐ എന്നിവരുൾപ്പെട്ട എട്ടംഗ പൊലീസ് സംഘമാണ് എരുമേലി റേഞ്ചിൽ ഉൾപ്പെട്ട വനത്തിലൂടെ വണ്ടിപ്പെരിയാർ സത്രം വനമേഖലയിൽ എത്തിയത്. തെരച്ചിലിനിടെ ഇവരോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസുകാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമം വേണ്ടിവന്നു. തുടർന്ന് ഇദ്ദേഹത്തിനൊപ്പം മൂന്ന് പൊലീസുകാരെ നിറുത്തി ഡിവൈ.എസ്.പിയും സി.ഐയും രണ്ട് പൊലീസുകാരും വനത്തിന് പുറത്തെത്തി. ഏറെ നേരം കഴിഞ്ഞിട്ടും വനത്തിലുള്ള പൊലീസുകാർ തിരിച്ചുവരാത്തതിനെ തുടർന്നാണ് ഡിവൈ.എസ്.പിയും സംഘവും ഫയർഫോഴ്സിനെയും വണ്ടിപ്പെരിയാർ പൊലീസിനെയും വിവരമറിയിച്ചത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ്, പീരുമേട് ഫയർഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയ പൊലീസുകാർക്കായി തെരിച്ചിൽ നടത്തി. രാത്രി എട്ട് മണിയോടെയാണ് ഇവരെ കണ്ടെത്താനായത്. ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുള്ള പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ വനത്തിൽ ഇവർ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഖമില്ലാത്ത പൊലീസുദ്യോഗസ്ഥനെ ഫയർഫോഴ്‌സ് എടുത്തുകൊണ്ടാണ് കൊടുംവനത്തിൽ നിന്ന് പുറത്തെത്തിച്ചത്. മൊബൈൽ നെറ്റ്‌വർക്ക് തീരെയില്ലാത്തതിനാലാണ് ഇവരെ ഫോണിൽ ബന്ധപ്പെടാനാകാത്തത്.