മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന കടുക്കുന്നു, പ്രതിഷേധവും

Sunday 26 February 2023 12:47 AM IST

കൊല്ലം: മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനോട് കാട്ടുന്ന അവഗണനയക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.വർഷങ്ങളായി കേൾക്കുന്ന പ്രഖ്യാപനങ്ങളല്ലാതെ സ്റ്റേഷൻ വികസനത്തിനായി ഒരു നടപടിയും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ബഹുജന ധർണ റെയിൽവേയുടെ തുടർച്ചയായ അവഗണനക്കെതിരായ താക്കീത് കൂടിയായി. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ദിവസേന വന്നുപോകുന്ന,​ ഗ്രാമീണ ടൂറിസത്തിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ് മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് പദ്ധതികൾ പലത് വന്നുപോയിട്ടും ഒന്നും യാഥാർത്ഥ്യമായില്ല.

എല്ലാം വാഗ്ദാനങ്ങളിലൊതുങ്ങി

സ്റ്റേഷൻ വികസനത്തിന് രണ്ട് കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചതായി പ്രഖ്യാപനം വന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. പാർക്കിംഗ് ഏരിയയിലെ ടാറിംഗിന് 30 ലക്ഷം,​ ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ 22 ലക്ഷം,​ രണ്ടാം പ്ളാറ്റ് ഫോമിന്റെ ഷെൽട്ടർ നവീകരിക്കാൻ 44 ലക്ഷം,​ ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളുടെ നീളം കൂട്ടാൻ 86 ലക്ഷം എന്നിങ്ങനെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും അറിയിപ്പുണ്ടായി. എന്നാൽ തുടർ പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല.​ കഴിഞ്ഞ ജൂലായിലാണ് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ്, കൊമേഴ്‌ഷ്യൽ, ഓപ്പറേഷണൽ വിഭാഗം ഉദ്യോഗസ്ഥർ മൺറോത്തുരുത്ത് സന്ദർശിച്ചത്. സ്റ്റേഷൻ വികസനത്തിനായി നിരവധി നിർദ്ദേശങ്ങൾ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് മുന്നോട്ടു വച്ചു. സുപ്രധാനമായ ചില വികസന പദ്ധതികളും പ്രഖ്യാപിച്ചാണ് സംഘം മടങ്ങിയത്.

അവഗണനക്കെതിരെ ബഹുജന ധർണ

മൺറോത്തുരുത്തിനോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെ സി.പി.എം മൺറോതുരുത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ബഹുജന ധർണ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.ജയച്ചന്ദ്രൻ അദ്ധ്യക്ഷനായി. മൺറോതുരുത്തിലെ ഹാൾട്ട് സ്റ്റേഷനെ റെയിൽവേ സ്റ്റേഷനാക്കി ഉയർത്തുക പ്ലാറ്റ് ഫോം യാത്രക്കാർക്ക് സുരക്ഷിതമായി ട്രെയിനിൽ കയറാനും ഇറങ്ങാനും കഴിയുന്ന തരത്തിൽ നവീകരിക്കുക, പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും വർദ്ധിപ്പിക്കുക, സ്റ്റേഷനിൽ മേൽപ്പാലം നിർമ്മിക്കുക, വൈകുന്നേരത്തെ നാഗർകോവിൽ - കോട്ടയം ട്രെയിനിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കുക,മലബാർ, മാവേലീ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബഹുജന ധർണ സംഘടിപ്പിച്ചത്.