വി.കെ. മാധവൻകുട്ടിയുടേത് വേറിട്ട മാദ്ധ്യമപ്രവർത്തനം: മുഖ്യമന്ത്രി

Sunday 26 February 2023 1:38 AM IST

സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം

വി.എസ്.രാജേഷ് ഏറ്റുവാങ്ങി

തിരുവനന്തപുരം : ജനകീയ വിഷയങ്ങളിൽ പ്രത്യേക താത്പര്യത്തോടെ നിരന്തരം ഇടപെട്ട മാദ്ധ്യമപ്രവർത്തകനായിരുന്നു വി.കെ. മാധവൻകുട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യേക അജൻ‌ഡകൾ മാത്രം ആഘോഷിക്കപ്പെട്ട കാലത്ത് മാധവൻ കുട്ടിയുടെ മാദ്ധ്യമപ്രവർത്തനം തീർത്തും വേറിട്ടതായിരുന്നു. കേരളീയം വി.കെ.മാധവൻകുട്ടി പുരസ്ക്കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു. മാദ്ധ്യമരംഗത്ത് സജീവമായ വി.എസ്.രാജേഷ് മലയാളി സമൂഹത്തിൽ ശ്രദ്ധനേടിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനത്തിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന നിരവധി വാർത്തകൾ അദ്ദേഹത്തിന്റേതായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു ജേർണലിസം ക്ലാസിൽ നിന്നും ലഭിക്കാത്ത അനുഭവസമ്പത്താണ് വി.കെ.മാധവൻകുട്ടിയുമായുള്ള ഓരോ സംഭാഷണങ്ങളിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് വി.എസ്.രാജേഷ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. അച്ചടിമാദ്ധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം മംഗളം ദിനപത്രത്തിലെ വി.പി.നിസാറിനും ദൃശ്യമാദ്ധ്യമരംഗത്തെ റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം മീഡിയാ വണ്ണിലെ മുഹമ്മദ് അസ്‌ലമിനും നൽകി.

കേരളീയം ചെയർമാൻ പി.വി.അബ്ദുൾ വഹാബ്.എം.പി അദ്ധ്യക്ഷനായി. ജോൺ ബ്രിട്ടാസ് എം.പി വി.കെ.മാധവൻകുട്ടി അനുസ്മരണ പ്രഭാഷണവും നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ മുഖ്യപ്രഭാഷണവും നടത്തി.

പുരസ്ക്കാര നിർണ്ണയ കമ്മിറ്റി ചെയർമാൻ ടി.പി.ശ്രീനിവാസൻ,കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, കേരളീയം വർക്കിംഗ് ചെയർമാൻ ഡോ.ജി.രാജ്മോഹൻ, കേരളീയം ഇന്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.