ദമാം വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്, പൈലറ്റിന് ടേക്കോഫ് പിഴച്ചു; കേന്ദ്രം അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ടേക്കോഫിലെ പിഴവിൽ ദമാം എയർഇന്ത്യ എക്സ്‌പ്രസ് വിമാനം കരിപ്പൂരിൽ റൺവേയിൽ ഉരഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയതിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ) അന്വേഷണം തുടങ്ങി. മുംബയിൽ നിന്ന് എയർക്രാഫ്‌റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ കരിപ്പൂരിലെത്തി.
വിമാനത്തിന്റെ വാൽഭാഗം റൺവേയിലുരഞ്ഞ് ഒരു ഭാഗം ഉള്ളിലേക്ക് കയറിപ്പോയിരുന്നു. ഇതിന് രണ്ട് കാരണങ്ങളാണ് പ്രാഥമികമായി കണ്ടെത്തിയത്. വിമാനം കുത്തനേ മുകളിലേക്കുയർത്തിയ പൈലറ്റിന്റെ പിഴവും വ്യോമയാന ചട്ടപ്രകാരമല്ലാതെ കാർഗോ ഒരുഭാഗത്ത് കൂട്ടിയിട്ടതും. അപകടത്തിന്റെയും പൈലറ്റിന്റെയും വിവരങ്ങൾ എയർഇന്ത്യ എക്സ്‌പ്രസ് ഡി.ജി.സി.എക്ക് കൈമാറി. അടിയന്തര ലാൻഡിംഗിനെക്കുറിച്ച് തിരുവനന്തപുരം വിമാനത്താവളവും ഡി.ജി.സി.എക്ക് റിപ്പോർട്ട് നൽകി.
പിൻഭാഗം റൺവേയിൽ ഉരയും വിധം വിമാനം ടേക്കോഫ് ചെയ്‌തത് പൈലറ്റിന്റെ പിഴവാണെന്നാണ് നിഗമനം. ഇതിന് ഡി.ജി.സി.എ നടപടിയെടുത്തേക്കും. പൈലറ്റിനെ സസ്പെൻഡ് ചെയ്തിട്ടില്ല. അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിറുത്തി. വിമാനത്തിന് ഗുരുതര പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പൈലറ്റ് അഭ്യർത്ഥിച്ചതനുസരിച്ചാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് സൗകര്യമൊരുക്കിയത്. എയർ ഇന്ത്യയുടെ ഹാംഗർ യൂണിറ്റുള്ളതിനാൽ അറ്റകുറ്റപ്പണി നടത്താമെന്നതും കണക്കിലെടുത്തു. തിരക്കേറിയ നെടുമ്പാശേരിയിൽ അനുമതി ലഭിച്ചിരുന്നില്ല.
എരിച്ചു കളഞ്ഞത് 8 ടൺ ഇന്ധനം
വിമാനം 11തവണ വട്ടമിട്ട് പറന്നു
എട്ടു ടണ്ണിലേറെ ഇന്ധനം ഉപയോഗിച്ചു
യാത്ര തുടുമ്പോൾ12ടൺ ഇന്ധനം
6000 അടിയിലേക്ക് താഴ്ന്നാണ് ഇന്ധനം എരിച്ചത്
ബോയിംഗ് 737-800ന് ഇന്ധനം പുറംതള്ളാനാവില്ല
അതിനാലാണ് ചുറ്രിപ്പറക്കൽ വേണ്ടിവന്നത്.
ടേക്കോഫ് പിഴച്ചെന്ന് പ്രാഥമിക റിപ്പോർട്ട്
സാധാരണ എട്ട് ഡിഗ്രി ചരിവിലാണ് ടേക്കോഫ്
ദമാം വിമാനത്തിന്റെ ടേക്കോഫ് ചരിവ് 11ഡിഗ്രിയിൽ കൂടി
പിൻഭാഗം റൺവേയിലിടിച്ചു
ടെയിൽ ഹിറ്റ് എന്നറിയപ്പെടുന്ന ഇത് ഗുരുതര പിഴവാണ്
റൺവേയുടെ മൂന്നിലൊന്ന് പിന്നിട്ടപ്പോഴേ വിമാനം ഉയർന്നു