ഉത്സവത്തിനിടെ സംഘർഷം: കുത്തേറ്റ് യുവാവ് മരിച്ചു

Sunday 26 February 2023 1:47 AM IST

അമ്പലപ്പുഴ: പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ തട്ടാന്തറ വീട്ടിൽ സലിം കുമാറിന്റെ മകൻ അതുൽ (26) ആണ് മരിച്ചത്.കുത്തിയ ശേഷം രക്ഷപ്പെട്ട ആലപ്പുഴ പാലസ് വാർഡിൽ മുക്കവലക്കൽ നടുച്ചിറയിൽ ശ്രീജിത്തി​നെ (ശ്രീക്കുട്ടൻ 30) പുന്നപ്ര പൊലീസ് ആലപ്പുഴ ഭാഗത്തു നിന്ന് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രി 10.50 ഓടെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയായി​രുന്നു സംഘർഷം. വാക്കേറ്റത്തിനിടെ കുത്തേറ്റ അതുലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 1 ഓടെ മരിച്ചു. അതുലും സുഹൃത്തുക്കളുമൊത്ത് നാടൻപാട്ട് കേൾക്കുന്നതിനിടെ സ്ഥലത്തെത്തിയ, നിരവധി കേസുകളിലെ പ്രതിയായ ശ്രീക്കുട്ടൻ കത്തി​ക്ക് കുത്തുകയായി​രുന്നു. അതുലിന്റെ സുഹൃത്ത് രാഹുലിനും പരിക്കേറ്റു.ചെവിക്കു മുകളിൽ പരിക്കേറ്റ രാഹുൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാടൻ പാട്ടിനിടെ തുള്ളിയതാണ് വാക്കേറ്റമുണ്ടാകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി​രുന്നു അതുൽ. ഭാര്യ: സെബിന. മകൾ :ആൻവിയ.