യൂത്ത് അത്‌ലറ്രിക്സ് :പാലക്കാട് പറക്കുന്നു

Sunday 26 February 2023 3:31 AM IST

തിരുവനന്തപുരം: പതിനൊന്നാമത് സംസ്ഥാന യൂത്ത് അത്‌ലറ്രിക് ചാമ്പ്യൻഷിപ്പിൽ പാലക്കാട് കുതിപ്പ് തുടങ്ങി. കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇയിലെ ട്രാക്കിലും ഫീൽഡിലും കൗമാരതാരങ്ങൾ നിറഞ്ഞാടിയ ചാമ്പ്യൻഷിപ്പിന്റെ ഒന്നാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആറ് വീതവും സ്വർണവം വെള്ളിയും ഏഴ് വെങ്കലവും നേടി പോയിന്റുമായി പാലക്കാട് എതിരാളകളെക്കാൾ ബഹുദൂരം മുന്നിലാണ്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും ആറ് വെങ്കലവുമായി 86 പോയിന്റ് സ്വന്തമാക്കിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 1 സ്വർണവും 3 വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി 62.5പോയിന്റുള്ള ആതിഥേയരായ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുണ്ട്. 43 പോയിന്റുമായി കോഴിക്കോട് മൂന്നാമതും 42 പോയിന്റുള്ള എറണാകുളം അഞ്ചാമതുമാണ്.

ആദ്യ ദിനം രണ്ട് മീറ്റ് റെക്കാഡുകൾ തിരുത്തപ്പെട്ടു. അണ്ടർ 18 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോഡിന്റെ വി.എസ്. അനുപ്രിയയും ഇതേവിഭാഗം ആൺകുട്ടികളുടെ പോൾവോൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവുമാണ് ഇന്നലെ റെക്കാഡ് പുസ്തകത്തിൽ തങ്ങളുടെ പേരെഴുതിച്ചേർത്തത്. 15.87 മീറ്രർ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞാണ് വി.എസ് അനുപ്രിയ കാസർകോഡിന്റെ തന്നെ അഖില രാജുവിന്റെ പേരിലുണ്ടായിരുന്ന 14.27 മീറ്ററിന്റെ റെക്കാഡ് പഴങ്കഥയാക്കിയത്.

പോളിൽ കുത്തിയുയർന്ന് 4.40 മീറ്റർ ക്ലിയർ ചെയ്താണ് ശിവദേവ് റെക്കാഡ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം എറണാകുളത്തിന്റെ തന്നെ ബിബിൻ സജു കുറിച്ച 3.81 മീറ്ററിന്റെ റെക്കാഡാണ് ശിവദേവ് മറകടന്നത്.

അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്ററിൽ 11.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തിരുവനന്തപുരത്തിന്റെ എസ്. ഷെർബിനും പെൺകുട്ടികളിൽ 12.59 സെക്കൻഡിൽ ഒന്നാമത് ഓടിയെത്തി പാലക്കാടിന്റെ ജി.താരയും വേഗമേറിയ താരങ്ങളായി.