2025ൽ അവതരിക്കും ക്രെറ്റ ഇലക്‌ട്രിക്

Monday 27 February 2023 3:58 AM IST

കൊച്ചി: ഇന്ത്യയിലെ എസ്.യു.വി വിപണിയിൽ വൻ തരംഗം സൃഷ്‌ടിച്ച ഹ്യുണ്ടായ് ക്രെറ്റയുടെ ഇലക്‌ട്രിക് പതിപ്പ് 2025ഓടെ വിപണിയിലെത്തും. ഉത്‌പാദനം 2024ൽ ആരംഭിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ ഇ-കാർ വിപണിയിൽ 80 ശതമാനത്തോളവും ടാറ്റാ മോട്ടോഴ്‌സിന്റെ കൈവശമാണ്. ടാറ്റാ നെക്‌സോൺ ഇ.വിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. 2025ലെ ഓട്ടോ എക്‌സ്‌പോയിൽ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുടെ ഇ-പതിപ്പ് ഹ്യുണ്ടായ് പരിചയപ്പെടുത്തിയേക്കും. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിലാണ് എസ്.യു.2ഐ ഇ.വി എന്ന കോഡ് നാമത്തിൽ ക്രെറ്റ ഇ.വിയുടെ നിർമ്മാണം. നിലവിലെ ക്രെറ്റയുമായി പുറംമോടിയിൽ കാര്യമായ വ്യത്യാസം ഇ-ക്രെറ്റയ്ക്കുണ്ടാവില്ല എന്നാണ് സൂചന. ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ഉദ്ദേശിക്കുന്നു.