വാഹന ഇൻഷ്വറൻസ്: കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ 4 കാര്യങ്ങൾ

Monday 27 February 2023 3:06 AM IST

കൊച്ചി: സ്വന്തമായി ഒരു കാർ എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാൽ കാർ വാങ്ങുമ്പോൾ പലരും ശ്രദ്ധിക്കാത്ത കാര്യമാണ് ഇൻഷ്വറൻസ്. വാഹനം റോഡിൽ ഇറക്കണമെങ്കിൽ ഇൻഷ്വറൻസ് അനിവാര്യമാണ്.

തേർഡ്-പാർട്ടി
ഇൻഷ്വറൻസ്

നിങ്ങളുടെ പ്രിയവാഹനം നിരത്തിലിറക്കണമെങ്കിൽ തേർഡ്-പാർട്ടി ഇൻഷ്വറൻസ് നിർബന്ധമാണ്. നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്ക് (തേർഡ്-പാർട്ടി)​ ഉണ്ടാകുന്ന നഷ്‌ടത്തിന് പരിരക്ഷ ഉറപ്പാക്കുന്നതാണ് ഈ ഇൻഷ്വറൻസ് പോളിസി.
സാധുവായ തേർഡ്-പാർട്ടി ഇൻഷ്വറൻസ് പോളിസിയില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പോ പൊലീസോ കനത്ത പിഴ ഈടാക്കും. കാറുകൾക്ക് മൂന്നുവർഷം ടൂവീലറുകൾക്ക് അഞ്ചുവർഷം എന്നിങ്ങനെ കാലാവധിയുള്ള ഇൻഷ്വറൻസ് പോളിസിയാണ് വേണ്ടത്.

സമഗ്ര
ഇൻഷ്വറൻസ്

തേർഡ്-പാർട്ടി ഇൻഷ്വറൻസ് നിർബന്ധമാണ്. എന്നാൽ സമഗ്ര ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതും വാഹന ഉടമകൾക്ക് ഏറെ ഗുണം ചെയ്യും. ഇത് തേർഡ്-പാർട്ടിക്ക് പുറമേ സ്വന്തം വാഹനത്തിനുണ്ടാകുന്ന നഷ്‌ടങ്ങൾക്ക് പരിരക്ഷ കിട്ടാനും സഹായിക്കും.

തിര‌ഞ്ഞെടുക്കാം
യോജിച്ച പോളിസി

നിങ്ങളുടെ കാർ ഡീലർ വാഹനത്തിനൊപ്പം നിങ്ങൾക്ക് ഇൻഷ്വറൻസ് പോളിസികൾ ലഭ്യമാക്കും. എന്നാൽ അത് നിങ്ങൾക്ക് യോജിച്ചതാണോ എന്ന് പരിശോധിക്കണം. ഇൻഷ്വറൻസ് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അനുയോജ്യമായ പ്രീമിയം തുകയും പ്ളാനും തിരഞ്ഞെടുക്കാൻ കഴിയും.

ശ്രദ്ധിക്കണം
ഐ.ഡി.വി

ഇൻഷ്വറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് ഐ.ഡി.വി അഥവാ ഇൻഷ്വേർഡ് ഡിക്ളയേഡ് വാല്യു.
വാഹനം മോഷ്‌ടിക്കപ്പെടുകയോ റിപ്പയർ ചെയ്യാൻ ബുദ്ധിമുട്ടുള്ളവിധം തകരാറിലാവുകയോ ചെയ്‌താൽ ഇൻഷ്വറൻസ് പോളിസിയിലൂടെ ലഭിക്കുന്ന നഷ്‌ടപരിഹാര തുകയാണ് ഐ.ഡി.വി. ഇൻഷ്വറൻസ് കമ്പനികളുടെ ഐ.ഡി.വി താരതമ്യം ചെയ്യുക. എന്തെല്ലാം പരിരക്ഷ അവർ നൽകുമെന്നും പരിശോധിച്ചശേഷം പ്ളാൻ തിരഞ്ഞെടുക്കുക.

Advertisement
Advertisement