നേന്ത്രൻ ഒന്നിന് വില ₹150; തിരികെ കിട്ടിയത് വട്ടപ്പൂജ്യം!
കൊച്ചി: യൂറോപ്പിലേക്ക് കേരള നേന്ത്രൻ കയറ്റുമതി ചെയ്യാനുള്ള നീക്കത്തിൽ പരാജയം രുചിച്ച വി.എഫ്.പി.സി.കെയ്ക്ക് വരുമാനത്തിലും കൈ പൊള്ളി. പഴമൊന്നിന് 1.5 പൗണ്ടിനാണ് (ഏകദേശം 150 രൂപ) ഷോപ്പിംഗ് മാളുകൾ വഴിയും മറ്റും വിറ്റഴിച്ചതെന്ന് വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് ചില്ലിക്കാശ് വി.എഫ്.പി.സി.കെയ്ക്ക് കിട്ടിയിട്ടുമില്ല എന്നാണ് വിവരം.
2018 ഫെബ്രുവരിയിലാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ) പരീക്ഷണാടിസ്ഥാനത്തിൽ യൂറോപ്പിലേക്ക് ഏഴര ടൺ കേരള നേന്ത്രൻ കയറ്റുമതി ചെയ്‌തത്. നേന്ത്രപ്പഴം ചൂടപ്പംപോലെ വിറ്റുംപോയി. വില്പനയിലൂടെ ലഭിക്കുന്നതിൽ 50 ശതമാനം തുക വി.എഫ്.പി.സി.കെയിലേക്ക് തിരിച്ചടയ്ക്കണമെന്നായിരുന്നു കയറ്റുമതിക്കാരുമായുള്ള കരാർവ്യവസ്ഥ.
കയറ്റുമതി നടന്ന് വർഷം നാല് കഴിഞ്ഞിട്ടും പണം നൽകാൻ കയറ്റുമതിക്കാർ തയ്യാറായിട്ടില്ല. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു കയറ്റുമതിക്കരാർ ഏറ്റെടുത്തിരുന്നത്.
പാളിപ്പോയ കയറ്റുമതി
ആകെ ഒരുതവണ മാത്രമാണ് കേരള നേന്ത്രൻ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടത്. രുചിയിലും ഗുണനിലവാരത്തിലും ഏറെ മുന്നിലാണ് കേരള നേന്ത്രൻ. എന്നാൽ, ആദ്യ കയറ്റുമതി ഹിറ്റായതിന് പിന്നാലെ കയറ്റുമതിക്കാർ കേരള നേന്ത്രനെ കൈവിട്ട് രുചിയും നിലവാരവും കുറഞ്ഞതും തുച്ഛവിലയുള്ളതുമായ തമിഴ്നാട് നേന്ത്രനെ കയറ്റുമതി ചെയ്‌ത് തുടങ്ങി. വി.എഫ്.പി.സി.കെ പലവട്ടം ചർച്ച നടത്തിയെങ്കിലും കേരള നേന്ത്രൻ ഏറ്റെടുക്കാൻ കയറ്റുമതിക്കാർ തയ്യാറായില്ല.
കൈവിട്ടത് വൻ വരുമാനം
കർഷകരിൽ നിന്ന് കിലോയ്ക്ക് 50 രൂപയ്ക്ക് ഏറ്റെടുത്താണ് കേരള നേന്ത്രൻ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്‌തത്. അവിടെ ഒരു പഴം വിറ്റുപോയത് 150 രൂപയ്ക്കാണ്. ഇതുപ്രകാരം വി.എഫ്.പി.സി.കെ വൻ വരുമാനവും പ്രതീക്ഷിച്ചെങ്കിലും നൽകാൻ കയറ്റുമതിക്കാർ തയ്യാറായില്ല. പിന്നീട് കയറ്റുമതി നടന്നതുമില്ല.