ഗ്രീൻ ഹൈഡ്രജൻ: ₹2 ലക്ഷം കോടിയുടെ പദ്ധതിയുമായി ഇന്ത്യൻ ഓയിൽ

Monday 27 February 2023 2:15 AM IST

ന്യൂഡൽഹി: കാർബൺ പുറന്തള്ളൽ 2046ഓടെ പൂർണമായും അവസാനിപ്പിക്കുക (നെറ്റ്-സീറോ എമിഷൻ)​ ലക്ഷ്യമിട്ട് നിലവിലെ റിഫൈനറികളോട് ചേർന്ന് ഗ്രീൻ ഹൈഡ്രജൻ പ്ളാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി)​ ഒരുങ്ങുന്നു. രണ്ടുലക്ഷം കോടി രൂപയാണ് ഇതിനായി കമ്പനി നീക്കിവയ്ക്കുക.

ഇന്ധനമേഖലയിലെ കാലിക മാറ്റങ്ങൾക്കൊപ്പം നിന്ന് പെട്രോകെമിക്കൽ രംഗത്ത് കൂടുതൽ ശ്രദ്ധയൂന്നുന്ന കമ്പനി,​ വൈകാതെ പെട്രോൾ പമ്പുകൾ സമ്പൂർണ എനർജി ഔട്ട്‌ലെറ്റുകളാക്കുമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം.വൈദ്യ പറഞ്ഞു. പമ്പുകളിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ.വി)​ ബാറ്ററി ചാർജിംഗ്/സ്വാപ്പിംഗ് സൗകര്യമൊരുക്കും. രണ്ടുവർഷത്തിനകം 10,​000 പമ്പുകളിൽ ഇ.വി ചാർജിംഗ് സൗകര്യമൊരുക്കുക ലക്ഷ്യമാണ്.

നിലവിൽ രാജ്യത്ത് ഇന്ധന ഡിമാൻഡ് പ്രതിദിനം 51 ലക്ഷം ബാരലാണ്. 2030ഓടെ ഇത് 70-72 ലക്ഷമാകും. 2040ൽ 90 ലക്ഷവും. ഇത് മുന്നിൽക്കണ്ട് റിഫൈനറികളുടെ വാർഷികശേഷി നിലവിലെ 8.12 മില്യൺ ടണ്ണിൽ നിന്ന് 10.67 മില്യൺ ടണ്ണാക്കാനുള്ള പദ്ധതിയുമുണ്ട്.

ഹൈഡ്രജന്റെ കാലം

ഭാവിയുടെ ഇന്ധനമെന്നാണ് ഹൈഡ്രജൻ അറിയപ്പെടുന്നത്. ഓക്‌സിജനും വെള്ളവുമാണ് ഹൈഡ്രജൻ പുറന്തള്ളുകയെന്നതാണ് ഇതിന് കാരണം. അതേസമയം,​ ചെലവ് കൂടുതലായതിനാൽ ഹൈഡ്രജൻ വൻതോതിൽ ഉപയോഗിക്കാൻ വാഹന,​ വ്യവസായമേഖലകൾക്ക് കഴിയുന്നില്ല. ക്രൂഡോയിൽ പെട്രോളും ഡീസലുമാക്കി വേർതിരിക്കുന്ന റിഫൈനറികൾ നിലവിൽ ഹൈഡ്രജൻ ഉപയോഗിക്കുന്നത് ഡീസലിലെ സൾഫർ അംശം കുറയ്ക്കാനാണ്.

7,​000 ടൺ

ഇന്ത്യൻ ഓയിലിന്റെ പാനിപ്പത്ത് റിഫൈനറിയിൽ 2025ഓടെ 2,​000 കോടി രൂപ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ പ്ളാന്റ് ഒരുക്കുമെന്ന് എസ്.എം.വൈദ്യ വ്യക്തമാക്കിയിരുന്നു. 7,​000 ടണ്ണായിരിക്കും വാർഷികശേഷി.

മറ്റ് പ്രധാനലക്ഷ്യങ്ങൾ

 5-10 വർഷത്തിനകം ഇന്ത്യൻ ഓയിൽ മൊത്തം ഹൈഡ്രജൻ ഉത്‌പാദനത്തിന്റെ 50 ശതമാനം ഗ്രീൻ ഹൈഡ്രജനാക്കാൻ ഉന്നമിടുന്നു. 2040ഓടെ ലക്ഷ്യം 100 ശതമാനമാണ്.

 റിന്യൂവബിൾ എനർജി ശേഷി നിലവിലെ 256 മെഗാവാട്ട്‌സിൽ നിന്ന് 12 ജിഗാവാട്ട്‌സായി ഉയർത്തും.

 നിലവിൽ ക്രൂഡോയിലിൽ നിന്നുള്ള കെമിക്കൽ ഉത്‌പാദനം 5-6 ശതമാനം മാത്രമാണ്. ഇത് വൈകാതെ 10-12 ശതമാനമാക്കും. പാനിപ്പത്ത്, പാരദ്വീപ് റിഫൈനറികളിലാണ് ഇതിനായി പെട്രോകെമിക്കൽ ശേഷി കൂട്ടുക.