കല്ലായിപ്പുഴയിലെ ചെളി നീക്കലും ആഴം കൂട്ടലും ഇനിയെന്ന്

Monday 27 February 2023 12:20 AM IST
kallayi river

# മഴയ്ക്ക് മുമ്പെ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളി നീക്കംചെയ്യാനും ആഴം കൂട്ടി ഒഴുക്ക് വർദ്ധിപ്പിക്കാനുമുള്ള നടപടികൾ എങ്ങുമെത്തുന്നില്ല. വേനലിൽ ചെയ്യേണ്ട പ്രവൃത്തി രണ്ട് മാസത്തിനുള്ളിൽ ആരംഭിച്ചില്ലെങ്കിൽ തിരിച്ചടിയാവും. ടെൻഡർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടെങ്കിലും തുക തികയില്ലെന്ന കാരണത്താൽ വൈകുകയാണ്. ചെളി നീക്കുന്നതിനായി അധികത്തുക അനുവദിക്കുന്നതിനുള്ള അംഗീകാരത്തിനായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ജലസേചനവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

കല്ലായിപ്പുഴയിൽ മാങ്കാവ് കടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കാനുള്ളതാണ് പദ്ധതി. 7.9 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഈ തുക കോഴിക്കോട് കോർപ്പറേഷൻ ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും ടെൻഡർ വിളിച്ചപ്പോൾ തുക ഉയർന്നു. ടെൻഡറിൽ 9.81 കോടിയുടേതാണ് കുറഞ്ഞ ടെൻഡർ നിരക്ക്. ഇത് പദ്ധതി ചെലവ് കണക്കാക്കിയതിന്റെ 34.39 ശതമാനം അധികമാണ്. ഇതോടെ സാങ്കേതിക പ്രതിസന്ധിയിൽ പെട്ട് പദ്ധതിയ്ക്ക് തിരിച്ചടിയായി.

അധികമായി ആവശ്യം വരുന്ന 1.91 കോടി രൂപ കൂടി നൽകാൻ കോർപ്പറേഷൻ കൗൺസിലിൽ തീരുമാനിച്ചു. എന്നാൽ പത്ത് ശതമാനം വരെ അധികത്തുക മാത്രമേ വകുപ്പ് തലത്തിൽ അംഗീകാരം നൽകാനാവുള്ളൂവെന്നാണ് ചട്ടം. അതുകൊണ്ടാണ് അംഗീകാരത്തിനായി സർക്കാരിനെ സമീപിച്ചത്. നടപടി വൈകിയാൽ പദ്ധതി ഈ വർഷം നടപ്പാക്കാനുള്ള സാദ്ധ്യത ഇല്ലാതാവും. പദ്ധതി ചെലവ് വീണ്ടും വർദ്ധിക്കും. മഴയെത്തിയാൽ ചെളിയെടുക്കൽ പ്രവൃത്തി നടപ്പാക്കാനാകില്ല. ചെലവ് കൂടുകയും ചെയ്യും. വളരെ പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് കോർപ്പറേഷന്റെയും ജലസേചന വകുപ്പിന്റെയും ആവശ്യം. സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പ്രവൃത്തി നടപ്പാക്കാനിരുന്നത്.

കല്ലായിപ്പുഴ ശുചീകരണത്തോടെ നഗരത്തിലെ വെള്ളക്കെട്ടുകൾക്ക് കുറവുണ്ടാവുമെന്നാണ് വിലയിരുത്തൽ. കനോലി കനാൽ വഴിയെത്തുന്ന വെള്ളം കല്ലായിപ്പുഴയിലൂടെ ഒഴുകാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കല്ലായിപ്പുഴ ആഴം കൂട്ടണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. പ്രളയമുണ്ടായപ്പോൾ പുഴയിലെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്.