കടലുണ്ടിയിലും എലത്തൂരും കല്ലുമ്മക്കായ ചാകര

Monday 27 February 2023 12:24 AM IST

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കല്ലുമ്മക്കായ ചാകരക്കാലത്തെ ആഘോഷമാക്കി ജനങ്ങൾ. കോഴിക്കോടൻ രുചിപ്പെരുമ ഉയർത്തിയ കല്ലുമ്മക്കായ രുചിപ്പെരുമയ്ക്ക് കഴിഞ്ഞ ഏഴ് വർഷമായി ചെറിയ തോതിലെങ്കിലും ഇടിവ് സംഭവിച്ചിരുന്നു. കല്ലുമ്മക്കായയുടെ ലഭ്യത കുറവായിരുന്നു ഇതിന് കാരണം. ആവശ്യത്തിന് കല്ലുമ്മക്കായ ലഭിക്കാതായതോടെ ഭക്ഷണ പ്രേമികളുടെ നാവിൽ എരിവ് പടർത്തി കടുക്ക തീൻമേശയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2016-ന് ശേഷം ആദ്യമായാണ് കടലുണ്ടിയിലും എലത്തൂരും കല്ലുമ്മക്കായയുടെ ചാകരക്കാലം വന്നെത്തുന്നത്.

ജില്ലയിൽ ഏറ്റവുമധികം കല്ലുമ്മക്കായ കൃഷി ചെയ്യുന്നതും ഇവിടങ്ങളിലാണ്. വേലിയിറക്ക സമയങ്ങളിൽ കൈയിൽ കിട്ടിയ ആയുധങ്ങളുമായി നാട്ടുകാരും മത്സ്യതൊഴിലാളികളും കല്ലുമ്മകായ പറിച്ചെടുക്കുന്ന തിരക്കിലാണിപ്പോൾ. കൗതുക കാഴ്ച കാണാൻ എത്തുന്നവർ ഇവരിൽ നിന്ന് നേരിട്ട് തന്നെ വാങ്ങുന്നുണ്ട്. കിലോയ്ക്ക് 100 രൂപയ്ക്കാണ് . മാർക്കറ്റിൽ കല്ലുമ്മകായക്ക് കിലോയ്ക്ക് 300നാണ് വിൽപ്പന. കടലുണ്ടി പരിസര പ്രദേശങ്ങളിലെല്ലാം കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഇവ വിറ്റഴിക്കുന്നത്. ഒരു കാലത്ത് കല്ലുമ്മകായ കൃഷിയുടെ പേരിൽ അറിയപ്പെട്ട പുഴയും അഴിമുഖവുമാണ് കടലുണ്ടി. നേരത്തെ കടലിലും പുഴയിലും കല്ലുമ്മക്കായ ലഭ്യത കുറഞ്ഞതോടെ മത്സ്യതൊഴിലാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരുന്നു.

കടലിൽ നിന്ന് വിത്തെടുത്ത് പുഴയിൽ കൃഷി ചെയ്താണ് ഭൂരിപക്ഷം പേരും കല്ലുമ്മക്കായ കൃഷി നടത്തിയിരുന്നത്. ജില്ലയിൽ കടലുണ്ടി പഞ്ചായത്തിലെ ചാലിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികൾ കല്ലുമ്മക്കായ കൃഷിയെ ആശ്രയിച്ച് ജീവിച്ചവരായിരുന്നു. പ്രധാനമായും ചാലിയാറിൽ ഫറോക്ക്, കരുവൻ തിരുത്തി, കടലുണ്ടിപ്പുഴ, മുരുകല്ലിങ്ങൽ, വടക്കുമ്പാട് പുഴ എന്നിവിടങ്ങളിലും കടലിൽ ചാലിയം ലൈറ്റ് ഹൗസ് മുതൽ കടലുണ്ടിക്കടവ് പാലം വരെയും കല്ലുമ്മക്കായ എടുക്കുന്ന മേഖലയായിരുന്നു. ഏതാനും വർഷങ്ങളായി ക്രമേണ കടലിൽ നിന്നും പുഴയിൽ നിന്നും കല്ലുമ്മകായ അപ്രത്യക്ഷമായി തുടങ്ങിയതോടെ പലരും മറ്റു തൊഴിൽ തേടി പോയി. സീസൺ വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കല്ലുമ്മകായ പറയ്ക്കാൻ മാത്രമാണ് ഇന്ന് പലരും പോകാറുള്ളത്. കാലാവസ്ഥ വ്യതിയാനവും ജലത്തിലെ ഊഷ്മാവിലുണ്ടായ വർധനയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ആധിക്യവുമെല്ലാം കടലിലെയും പുഴയിലെയും സ്വാഭാവിക ആവാസ വ്യവസ്ഥ തകിടം മറിഞ്ഞതാകാം കല്ലുമ്മക്കായ ഉത്പാദനം കുറഞ്ഞതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Advertisement
Advertisement