സി.എം. രവീന്ദ്രനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും

Monday 27 February 2023 12:04 AM IST

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകും. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്.

കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്ന സുരേഷുമായി ബന്ധമില്ലെന്ന നിലപാടാണ് സി.എം. രവീന്ദ്രൻ സ്വീകരിച്ചിരുന്നത്. രവീന്ദ്രനും സ്വപ്നയും തമ്മിൽ വാട്ട്സ്ആപ്പ് വഴി നടത്തിയ സംഭാഷണങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദിച്ചറിയും. കോഴയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടോ എന്നും പരിശോധിക്കും.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമിക്കാൻ യു.എ.ഇ റെഡ് ക്രെസന്റ് കരാറുകാരായ യൂണിടെക്കിന് നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് കേസ്. കോഴത്തുക ആർക്കൊക്കെ ലഭിച്ചെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വപ്ന സുരേഷ്, യൂണിടെക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയ വിവരങ്ങൾ അറിയാനാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.