പ്ലീനറി സമ്മേളനം നടത്തിയാലും കോൺഗ്രസിന് എൻ.ഡി.എയെ വീഴ്ത്താനാകില്ല: രാംദാസ് അഠാവ്‌ലെ

Monday 27 February 2023 12:05 AM IST

കൊച്ചി: പ്ലീനറി സമ്മേളനം നടത്തിയതുകൊണ്ട് കോൺഗ്രസിന് എൻ.ഡി.എയെ പരാജയപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്‌ലെ പറഞ്ഞു. 2024ലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ അധികാരത്തിൽ വരുമെന്ന് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സോണിയാ ഗാന്ധി സജീവ രാഷ്ട്രീയം വിടുമെന്ന് കേൾക്കുന്നു. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാൻ പ്രാപ്തിയില്ല.

കേരളത്തിൽ 53.62 ലക്ഷം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. 1.26 കോടിപ്പേർക്ക് മുദ്രാ വായ്പ നൽകി. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ രാജ്യത്ത് 1,658 വൃദ്ധസദനങ്ങൾ സ്ഥാപിച്ചതിൽ 9 എണ്ണം കേരളത്തിലാണ്. സംസ്ഥാനത്ത് ഓരോ ജില്ലയിലും വൃദ്ധസദനം നിർമ്മിക്കും. 1,720 ലഹരി വിമോചനകേന്ദ്രങ്ങളിൽ 109 എണ്ണം കേരളത്തിലാണ്. ഇതുവരെ 20.73 കോടി രൂപ കേരളത്തിൽ കേന്ദ്ര സാമൂഹിക നീതിവകുപ്പ് ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.