അമിത് ഷാ മാർച്ച് അഞ്ചിന് തൃശൂരിൽ

Monday 27 February 2023 12:06 AM IST

തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് അഞ്ചിന് തൃശൂരിലെത്തും. വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. ശക്തൻ തമ്പുരാൻ സ്മാരകം സന്ദർശിക്കും.

തൃശൂർ പാർലമെന്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും. വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും. സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി ബി.ജെ.പി ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷനായി. അഡ്വ.ബി.ഗോപാലകൃഷ്ണൻ, രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്, കെ.ആർ.ഹരി തുടങ്ങിയവർ പങ്കെടുത്തു.