മുതലമടയിലെ രാഷ്ട്രീയനാടകത്തിനു ഇന്ന് തിരശീല വീഴും

Monday 27 February 2023 12:11 AM IST

മുതലമട: ആഴ്ചകളോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിനു ഇന്ന് പര്യവസാനം കുറിച്ചുകൊണ്ട് മുതലമട പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രാവിലെ 11നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഉച്ചക്ക്‌ 2ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സ്വാതന്ത്ര്യ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്നാണ് സി.പി.എമ്മിനു ഭരണം നഷ്ടപെട്ടത്. ഒൻപതു അംഗങ്ങൾ ഉണ്ടായിരുന്ന സി.പി.എമ്മിലെ ഒരു അംഗത്തിനു സർക്കാർ ജോലി കിട്ടി രാജി വെച്ചതോടെ സി.പി.എമ്മിന് എട്ടും, കോൺഗ്രസ്നു ആറും, ബി.ജെ.പിക്കു മൂന്നും, സ്വതന്ത്രർക്ക് രണ്ടും എന്നീ നിലയിലായി കക്ഷി നില. അവിശ്വസപ്രമേയത്തിന് പാർട്ടി വിപ്പ് ലംഘിച്ചു കോൺഗ്രസിനോടൊപ്പം ചേർന്നു വോട്ടു ചെയ്തതിനെ തുടർന്ന് ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് കെ.ജി.പ്രദീപ്, മണ്ഡലം പ്രസിഡന്റ് സതീഷ്, വനിതനേതാവ് രാധ എന്നിവരെ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ സി.പി.എം പഴയ പ്രസിഡന്റ്‌ ബേബിസുധ, വൈസ് പ്രസിഡന്റ് അലൈരാജ് എന്നിവരെ മത്സരിപ്പിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ മറു വിഭാഗം ഇവർക്ക് പകരം പുതു മുഖങ്ങളെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സ്വതന്ത്ര അംഗങ്ങളായ കല്പന ദേവി, എം.താജുദീൻ എന്നിവരെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. പാർട്ടി സസ്‌പെൻഡ് ചെയ്ത മൂന്ന് ബി.ജെ.പി അംഗങ്ങളുടെ നിലപാട് നിർണ്ണായകമാകും. ബി.ജെ.പിയിൽ നിന്നും പുറത്തായ സ്ഥിതിക്ക് കെ.ജി.പ്രദീപ് കുമാർ കോൺഗ്രസ് പിന്തുണയോടെ വൈസ് പ്രസിഡന്റ് ആവാനുള്ള സാധ്യതയും ഉണ്ടെന്നു വിലയിരുത്തപ്പെടുന്നു. അവിശ്വാസം പാസായതിനെ തുടർന്ന് സി.പി.എമ്മിലും ബി.ജെ.പിയിലും പ്രദേശിക ഘടകങ്ങളിൽ ഭിന്നത രൂക്ഷമാണ്.

Advertisement
Advertisement