 വിശന്ന വയറുകൾക്ക് അന്നം നൽകിയ ' പൊലീസ് കഥ ' സ്വകാര്യ വ്ലോഗിലൂടെ വൈറലാക്കി; ഒറ്റപ്പാലം പൊലീസിനെതിരെ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു

Monday 27 February 2023 12:15 AM IST

ഒറ്റപ്പാലം: യുവതിയും രണ്ട് കുഞ്ഞുമക്കളും അന്നംതേടി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തിയ സംഭവം സ്വകാര്യ വ്യക്തി വ്ലോഗിലൂടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഷയത്തിൽ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ദിവസം മുമ്പാണ് മനിശ്ശീരിയിൽ വാടക വീട്ടിൽ കഴിയുന്ന യുവതിയും രണ്ട് കുഞ്ഞ് മക്കളും ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ കയറി ചെന്ന് ഭക്ഷണം വേണമെന്ന് അഭ്യർത്ഥിച്ചത്. കുടുംബത്തിന്റെ ഇല്ലായ്മയും പങ്കിട്ടിരുന്നു. ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന പി.ആർ.ഒ ബിനുരാമചന്ദ്രൻ പൊലീസുകാരുടെ മെസിൽ നിന്ന് ഇവർക്ക് ഭക്ഷണം നൽകി. സ്റ്റേഷനിലെ പൊലീസുകാർക്കിടയിൽ പിരിവെടുത്ത് കുറച്ച് പണം നൽകുകയും ചെയ്തു. അന്ന് നടന്ന സംഭവം ചിത്രീകരിച്ച് വ്ലോഗിലൂടെ സ്വകാര്യ വ്യക്തി പ്രചരിപ്പിച്ചിരുന്നു. ഒറ്റപ്പാലം പൊലീസിന്റെ അടക്കം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഇത് പ്രചരിപ്പിക്കപ്പെട്ടു. മുഖം മറയ്ക്കാതെയും മറ്റുമാണ് കുട്ടികളെ വ്ലോഗിൽ ഉൾപ്പെടുത്തിയത്. സ്റ്റേഷനകത്തും മുറ്റത്തും എസ്.എച്ച്.ഒ ക്യാബിനിലും കുട്ടികളെയും യുവതിയെയും നിർത്തി പട്ടിണി കഥ ആവർത്തിക്കാൻ ആവശ്യപ്പെടുകയും അത് വീഡിയോ എടുക്കുകയും ചെയ്തു. ഇതിൽ സ്റ്റേഷൻ എസ്.എച്ച്.ഒ എം.സുജിത്ത്, പി.ആർ.ഒ. ബിനു രാമചന്ദ്രൻ എന്നിവരടക്കം ചില പൊലീസുകാർ പ്രതികരണവും നൽകി. പൊലീസിന് മുന്നിലും സ്റ്റേഷൻ അങ്കണത്തിലും ബാലാവകാശ നിയമവും മറ്റും ലംഘിക്കുന്നതായ വിഷയത്തിൽ ഒറ്റപ്പാലം പൊലീസും ' വ്‌ലോഗർക്കൊപ്പം നിയമകുരുക്കിലായി. പൊലീസ് സ്റ്റേഷനിലെ'സ്‌പോൺസേർഡ് വ്‌ലോഗിംഗ് ' അടിയന്തര അന്വേഷണത്തിനു ഇന്നലെ ഉത്തരവിട്ടിരിക്കുന്നത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് . തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ അന്വേഷിക്കുമെന്ന് ഡി.ജി.പി ഇറക്കിയ അറിയിപ്പിൽ പറയുന്നു. സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. അഡ്വ. ശ്രീജിത്ത് പെരുമനയാണ് സംഭവം പരാതിയാക്കി കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്.