വനത്തിലേക്ക് പൊലീസ് നടത്തിയത് സാഹസിക യാത്ര
പത്തനംതിട്ട : പ്രതിയെ തേടി വനത്തിനുള്ളിലേക്ക് റാന്നി ഡിവൈ.എസ്.പി പി. ജി.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയത് സാഹസിക യാത്രയായിരുന്നു. വനത്തിൽ കുടുങ്ങിപ്പോയ സംഘത്തെ ഫയർഫോഴ്സും ഫോറസ്റ്റുകാരും ചേർന്നാണ് പുറത്തുകൊണ്ടുവന്നത്.
2020ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതി ജോയി എന്ന ആദിവാസി യുവാവ് പലവട്ടം പൊലീസിന്റെ വലയിൽ നിന്ന് രക്ഷപെട്ടിട്ടുണ്ട്. മൂന്നുവർഷമായി പ്രതിയെ പിടിക്കാൻ കഴിയാത്തതിലുള്ള നാണക്കേട് പൊലീസിന്റെ മേലുണ്ട്. കടുത്ത സമ്മർദ്ദത്തിലായ പൊലീസ് ഇത്തവണ ജോയിയെ പൊക്കിയേ അടങ്ങൂവെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിപ്പെരിയാർ സത്രം മേഖലയിലെ വനത്തിനുളളിലേക്ക് കടന്നത് ശനിയാഴ്ച രാവിലെയാണ്. പമ്പ സി.എെ.മഹേഷും സംഘത്തിലുണ്ടായിരുന്നു. ആനയും കടുവയും പുലിയും ഏറെയുള്ള കാടിനുള്ളിലേക്ക് എട്ടംഗ സംഘമാണ് പോയത്. വിവരങ്ങൾ ചോരാതിരിക്കാനാകാം, വനപാലകരെ വിവരം അറിയിച്ചതുമില്ല. പൊലീസുകാർ നടത്തിയ രഹസ്യ നീക്കമാണ് വലിയ ആശങ്കയിലേക്ക് നയിച്ചത്. പഴയ വീരപ്പനെ ഒാർമ്മിപ്പിക്കുന്ന തരത്തിൽ പ്രതി ഉൾക്കാടുകളിലേക്ക് മറയുകയും ചെയ്തു.
പ്രതിയെ തേടിയുള്ള യാത്രാനുഭവം
ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ വാക്കുകളിലൂടെ...
പോക്‌സോ കേസ് പ്രതിയെ മൂന്ന് വർഷമായിട്ടും അറസ്റ്റുചെയ്യാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് പരാതി ഉയർന്നിരുന്നു. പല തവണ പ്രതിയെ തേടി ചെല്ലുമ്പോഴും അയാൾ കാട്ടിനുള്ളിലേക്ക് രക്ഷപെടുകയായിരുന്നു. നാട്ടിൻപുറങ്ങളിലെ പ്രതിയെ പിടിക്കുന്ന പോലെ എളുപ്പമല്ല, കാടിനുള്ളിൽ ഒളിച്ചിരിക്കുന്നവരെ കണ്ടെത്തുകയെന്നത്.
പ്രഭാത ഭക്ഷണം കഴിച്ച് രാവിലെ ഒമ്പതു മണിയോടെയാണ് പൊലീസ് സംഘം സത്രം ഭാഗത്തെ പ്രതിയുടെ വീട്ടിലെത്തിയത്. പ്രതി അവിടെ ഉണ്ടായിരുന്നില്ല. അയാളുടെ ജേഷ്ഠനും അനുജനും ഉണ്ടായിരുന്നു. അതിൽ ഒരാൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി. ശേഷിച്ചയാളെയും കൂട്ടി രാവിലെ പത്തരയോടെയാണ് പ്രതി ഒറ്റയ്ക്ക് ഒളിവിലിരിക്കുന്ന ഗ്രാമ്പി മേഖലയിൽ കടന്നത്. 12 കിലോമീറ്റർ കൊടുംവനത്തിലൂടെ നടന്നു. അവിടെ ഷെഡ് കെട്ടിയാണ് അയാളുടെ താമസമെന്നറിഞ്ഞു. കാടിന് പുറത്തിറങ്ങുന്നത് ചുരുക്കമാണ്.
കുപ്പിവെള്ളം മാത്രമാണ് ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. വൈകിട്ട് മൂന്നു മണിയോടെ പ്രതിയുടെ ഷെഡിൽ എത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ ആദ്യം വീട്ടിൽ ചെന്നപ്പോൾ ഇറങ്ങിയോടിയ സഹോദരൻ ഇവിടെയെത്തി പ്രതിക്ക് വിവരം കൈമാറിയെന്നാണ് സംശയം. മൊബൈൽ ഫോണിനും മറ്റ് റേഞ്ച് ഇല്ലാത്ത സ്ഥലമാണ്. പ്രതിയെ കിട്ടാത്തതിനാൽ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ആറു മണിക്കൂറോളം തിരികെ നടക്കണം. നേരം ഇരുട്ടുകയും ചെയ്തു. വഴി കാട്ടാൻ വന്ന പ്രതിയുടെ സഹോദരൻ ഒരു കുറുക്കു വഴിയുണ്ടെന്ന് പറഞ്ഞു. അത് കുത്തനെയുള്ള കയറ്റമായിരുന്നു.
കയറ്റം കയറിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെട്ടു. നടക്കാൻ വയ്യാത്ത സ്ഥിതി. പ്രഥമശുശ്രൂഷ നൽകി. പുറത്തേക്ക് ആരെയെങ്കിലും വിളിക്കാൻ ഫോൺ റേഞ്ച് ഇല്ല. നാല് പൊലീസുകാരെ കാവൽ നിറുത്തി ഞങ്ങൾ നാലു പേർ മൂന്ന് കിലോമീറ്റർ പിന്നെയും നടന്നു. കുത്തനെയുള്ള കയറ്റം വീണ്ടും കയറിയപ്പോൾ റേഞ്ച് കിട്ടി. അവിടെ നിന്ന് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങളും ക്ഷീണിതനായ പൊലീസുകാരനെ ചുമന്നു കയറ്റം കയറാനുള്ള സംവിധാനങ്ങളും വെളിച്ചവും ഫയർഫോഴ്സ് കൊണ്ടുവന്നു. രാത്രി പത്ത് മണിയോടെ കാടിന് പുറത്തെത്തി. അസ്വസ്ഥനായ പൊലീസുകാരനെ മറ്റ് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെത്തിച്ചു. വനപാലകരുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ നടപടി തുടരും. വനത്തിനുള്ളിൽ പ്രതിയെ വനപാലകർ കണ്ടിട്ടുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും.