തൂക്കവില്ല് ഉയർന്നു, ഏഴംകുളം ഭക്തിയുടെ നിറവിൽ

Monday 27 February 2023 12:35 AM IST
ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന തൂക്കം വഴിപാട്

ഏഴംകുളം : ദേശദേവതയായ ഏഴംകുളത്തമ്മയുടെ തിരുനടയിൽ കാർത്തിക പുലരിയിൽ തൂക്ക വില്ല് ഉയർന്നു. ആത്മവിശുദ്ധിയുടേയും ആത്മ സമർപ്പണത്തിന്റേയും നേർകാഴ്ചയായി മാറിയ തൂക്കവഴിപാടുകൾ കാണാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് എത്തിയത്. ഇന്നലെ രാവിലെ 6 മണിയോടെ ഊരാൺമ തൂക്കത്തോടെയാണ് വഴിപാടുതൂക്കങ്ങൾക്ക് തു‌ടക്കം കുറിച്ചത്. 199 വളയങ്ങളിലായി 600 തൂക്കവഴിപാടാണ് ഇക്കുറി നടന്നത്. ഇതിൽ 39 പേർ കന്നിതൂക്കക്കാരായിരുന്നു. തൂക്കച്ചമയങ്ങൾ അണിഞ്ഞുകൊണ്ട് ദേവിയെ തൊഴുത് തൂക്കവില്ലിനരികിലെത്തിയ തൂക്കക്കാർ തൂക്കാശാൻമാരായ കാഞ്ഞിക്കൽ ആർ.ശിവരാമപിള്ള, പുത്തൻപുരയിൽ ജി. ശിവൻപിള്ള എന്നിവർക്ക് ദക്ഷിണനൽകി. തുടർന്ന് തൂക്കക്കാരുടെ മുതുകിൽ ചൂണ്ടകോർത്ത് പശമുക്കിയ താങ്ങുമുണ്ടിൽ വില്ലിനോട് ചേർന്ന് ബന്ധിച്ചപ്പോൾ മേളവും വായ്ക്കുരവകളും ഉയർന്നു. വഴിപാടുകാർ ചേർന്ന് വില്ല് ഉയർത്തിയപ്പോൾ തൂക്കക്കാർ പയറ്റുമുറകൾ കാട്ടി തൂക്കവില്ലിൽ നൃത്തംവച്ചു. തൂക്കവില്ല് ക്ഷേത്രത്തിന് ഒരു വലത്തുവച്ചു തിരുനടയ്ക്ക് മുൻപിൽ എത്തിയപ്പോൾ തൂക്കവില്ലിൽ നിന്ന് ഇറങ്ങി തൂക്കക്കാർ ക്ഷേത്രത്തിന് ചുറ്റും നടന്ന് ഒരു തവണ കൂടി പയറ്റുമുറകൾ കാട്ടി. ഇന്ന് വൈകുന്നേരത്തോടെ തൂക്ക വഴിപാടിന് പരിസമാപ്തിയാകും.