തിരുവല്ല - ചേലക്കൊമ്പ് റോഡ് : ഭൂമിയേറ്റെടുക്കലിന് സമയക്രമം നിശ്ചയിക്കണമെന്ന് എം.എൽ.എ

Monday 27 February 2023 12:37 AM IST

തിരുവല്ല : തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി പൂർത്തീകരണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ നിർദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

റോഡിന് പണം അനുവദിച്ചിട്ടും വികസന പ്രവർത്തനങ്ങൾ തുടങ്ങാത്തതിനെപ്പറ്റി കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ വികസന സമിതിയോഗത്തിൽ എം.എൽ.എ വിഷയം ഉന്നയിച്ചത്. കിഫ്ബി വഴി അഞ്ച് വർഷം മുൻപ് റോഡിന് 83 കോടി അനുവദിച്ചിരുന്നു. 20.4 കിലോമീറ്റർ ദൂരമുള്ള റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി കല്ലുകൾ സ്ഥാപിച്ചെങ്കിലും നിർമാണം മുന്നോട്ടുപോയില്ല.

എം.എൽ.എ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പുറമറ്റം പഞ്ചായത്തിലെ അങ്കണവാടി കെട്ടിട നിർമാണം പൂർത്തീകരിക്കണം. തിരുവല്ല സബ് ട്രഷറി കെട്ടിടം നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ പൂർത്തീകരിക്കണം. ഉപദേശിക്കടവ് പാലവുമായി ബന്ധപ്പെട്ട റോഡ് നിർമാണം തുടങ്ങണം. തിരുവല്ല നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭാസെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും എം.എൽ.എ നിർദേശിച്ചു.