വനിതാ ലോകകപ്പിൽ ഒാസീസ് തന്നെ

Sunday 26 February 2023 11:59 PM IST

കേപ്ടൗൺ : വനിതാ ട്വന്റി ട്വന്റി ലോകകപ്പിൽ ആറാം കിരീടം നേടി ഓസ്ട്രേലിയ. ഇന്നലെ നടന്ന ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റൺസിന് തോൽപ്പിച്ചാണ് ഓസീസ് തുടർച്ചയായ മൂന്നാം വട്ടവും കപ്പുയർത്തിയത്. ഇത് രണ്ടാം വട്ടമാണ് ഓസ്ട്രേലിയ ഹാട്രിക് കിരീടം നേടുന്നത്.

കേപ്ടൗണിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസീസ് വനിതകൾ ആറുവിക്കറ്റ് നഷ്ടത്തിൽ 156 റൺസടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 137/6ൽ ഒതുങ്ങി.

53 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്സുമടക്കം പുറത്താവാതെ 74 റൺസടിച്ച ഓപ്പണർ ബേത്ത് മൂണിയാണ് ഓസീസിന് മികച്ച സ്കോർ നൽകിയത്. ആലിസ ഹീലിയും (18) മൂണിയും ചേർന്ന് ഓപ്പണിംഗിൽ ആദ്യ അഞ്ചോവറിൽ 36 റൺസാണ് കൂട്ടിച്ചേർത്തത്. ഹീലിക്ക് പകരമെത്തിയ ആഷ്‌ലി ഗാർഡ്നർ 29 റൺസടിച്ചു. 12ഓവറിൽ 82 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ഗാർഡ്നർ മടങ്ങിയത്. തുടർന്ന് ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞപ്പോൾ മൂണി പൊരുതിനിന്ന് 156ലെത്തിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 61 റൺസടിച്ച ലോറ വോൾവാട്ട് പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.ബേത്ത് മൂണിയാണ് പ്ളെയർ ഒഫ് ദ മാച്ച്. ആഷ്‌ലി ഗാർഡ്നർ പ്ളേയർ ഒഫ് ദ ടൂർണമെന്റായി.