യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചവരിൽ കഞ്ചാവ്, എം.ഡി.എം.എ കേസ് പ്രതികളും

Monday 27 February 2023 12:32 AM IST

കൊല്ലം: ചിന്നക്കടയിൽ വച്ച് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ സംഘത്തിൽ കഞ്ചാവ്, എം.ഡി.എം.എ കേസിലെ പ്രതികളും ഉൾപ്പെട്ടിരുന്നതായി പൊലീസിലെ ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

കൊല്ലം ഈസ്റ്റ് പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള യുവാവും അക്രമി സംഘത്തിൽ ഉണ്ടായിരുന്നു.

മന്ത്രി പി.രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ 26 പേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

പ്രതികളിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ സംഘടനാ പരിപാടികളുമായി പരസ്യമായി രംഗത്തുണ്ട്. എന്നാൽ രണ്ടുപേർ കീഴടങ്ങിയതൊഴിച്ചാൽ ഒരാളെപ്പോലും പൊലീസ് പിടികൂടിയിട്ടില്ല. പ്രതികൾ പരസ്യമായി കറങ്ങിനടക്കുമ്പോഴും പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമർദ്ദം കാരണമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ തുടർച്ചയായി പരിശോധന നടക്കുന്നുണ്ടെന്നും പ്രതികളെല്ലാം ഒളിവിലാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

മുഖ്യമന്ത്രിക്ക് നിവേദനം

കൊല്ലം എ.സി.പി, സി.പി.എം നേതാക്കളുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അതുകൊണ്ട് കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നേരേയുണ്ടായ കരിങ്കൊടി പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചിട്ടില്ല. യൂത്ത് കമ്മിഷൻ ചെയർപേഴ്സണനെതിരെ ആരോപണം ഉന്നയിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘത്തെ മാത്രമാണ് ആക്രമിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചന പ്രത്യേകം അന്വേഷണിക്കണെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.