മെഡിസെപ്പിൽ പേരുകൾ ചേർക്കാൻ സമയം അനുവദിക്കണം
Monday 27 February 2023 12:34 AM IST
കൊല്ലം: മെഡിസെപ്പ് ചികിത്സാ പദ്ധതിയിൽ ആശ്രിതരുടെ പേരുകൾ ചേർക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും രണ്ട് ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും നാല് ഗഡു ക്ഷാമാശ്വാസ കുടിശികയും അടിയന്തരമായി വിതരണം ചെയ്യണമെന്നും കേരള സർവീസ് പെൻഷണേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പേരുകൾ ചേർക്കാനും തിരുത്താനും അവസം നൽകിയിരുന്നുവെങ്കിലും വ്യാപകമായി അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ പല ഗുണഭോക്താക്കൾക്കും ആശ്രിതരെ ഉൾപ്പെടുത്താനായില്ല. ഇക്കാര്യം അനുഭാവപൂർവം പരിഗണിണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിറാജ് മീനത്തേരി അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. നസീം ഹരിപ്പാട്, നാസറുദ്ദീൻ കരുനാഗപ്പള്ളി, ചന്ദനത്തോപ്പ് ഷെരീഫ്, ഓച്ചിറ വാഹിദ്, അൻസാർ കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മയ്യനാട് സ്വാഗതവും എസ്.എസ്.നൗഫൽ നന്ദിയും പറഞ്ഞു.