കാട്ടുതീ: പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വനം വകുപ്പ്

Monday 27 February 2023 12:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടുതീ ഉണ്ടാകാനുള്ള സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ,റേയ്ഞ്ച്,ഡിവിഷൻ,സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കി. കാട്ടുതീ സാദ്ധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തി കൺട്രോൾ ബേണിംഗ് പൂർത്തീകരിച്ചു. ഫയർ ഗ്യാങ്ങുകൾ,ഫയർ വാച്ചർമാർ,വി.എസ്.എസ്/ഇ.ഡി.സി അംഗങ്ങൾ എന്നിവയിൽ 3,000ത്തിലധികം പേരെ നിരീക്ഷണ/പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1120 കി.മീ ദൂരത്തിൽ ഫയർ ലൈനുകളും 2080 കി.മീ നീളത്തിൽ ഫയർ ബ്രേക്കുകളും തെളിക്കുകയും 6,100 ഹെക്ടർ വന പ്രദേശത്ത് കൺട്രോൾ ബേണിംഗ് നടത്തുകയും ചെയ്‌തു.കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ,മുന്നറിയിപ്പുകൾ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സർക്കിൾ,ഡിവിഷൻ,റെയ്ഞ്ച്,സ്റ്റേഷൻ തലത്തിൽ ഫയർ കൺട്രോൾ റൂമുകൾ സജ്ജമാക്കി. ഫോറസ്റ്റ് വിജിലൻസ് വിംഗിന്റെ മേൽനോട്ടത്തിൽ വനം വകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് കാട്ടുതീ കണ്ടാൽ അറിയിക്കാനായി ഒരു ടോൾ ഫ്രീ നമ്പർ(1800 425 4733) ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാൻഡ് ലൈൻ നമ്പറും (04712529247) ക്രമീകരിച്ചതായും മന്ത്രി പറഞ്ഞു.