പെരുമൺ - പേഴുംതുരുത്ത് പാലം: ആദ്യ ഡിസൈൻ അനുസരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാൻ ആലോചന

Monday 27 February 2023 12:52 AM IST

കൊല്ലം: പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം ആദ്യ ഡിസൈൻ പ്രകാരം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാൻ ആലോചന. ആദ്യ ഡിസൈൻ പ്രകാരം നിർമ്മാണം മുന്നോട്ടുകൊണ്ടുപോകണമെന്ന് ചൂണ്ടിക്കാട്ടി നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി കരാർ കമ്പനിക്ക് രണ്ടാഴ്ച മുമ്പ് കത്ത് നൽകിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ ആലോചന.

പാലത്തിന്റെ നടുവിലെ സ്‌പാനിന്റെ നിർമ്മാണത്തിന് കരാർ ഉറപ്പിക്കുമ്പോഴുള്ള രൂപരേഖയിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് നിർമ്മാണം ആരംഭിക്കുമ്പോൾ നൽകിയതെന്നാണ് കരാർ കമ്പനിയുടെ വാദം. ആ രൂപരേഖ പ്രകാരം നിർമ്മാണം നടക്കണമെങ്കിൽ ഒമ്പത് കോടിയോളം രൂപ അധികമായി നൽകണമെന്നും കരാർ കമ്പനി പറയുന്നു. ഇതോടെ പുതിയ ഡിസൈനിന് വേണ്ടി ടെണ്ടർ ക്ഷണിച്ചെങ്കിലും അതിന്റെ കരാർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ ടെണ്ടർ കമ്മിറ്റി തള്ളുകയായിരുന്നു. ഇതോടെയാണ് ആദ്യ രൂപരേഖ പ്രകാരം നിർമ്മാണം തുടങ്ങാൻ നിർദ്ദേശം നൽകിയത്.

നിലവിലെ സ്ഥിതി വിലയിരുത്താൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ കെ.ആർ.എഫ്.ബി, കിഫ്ബി അധികൃതർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തുടങ്ങിയവരുടെ യോഗം ചേരും. ഈ യോഗത്തിൽ കരാർ റദ്ദാക്കാനുള്ള നോട്ടീസ് കരാർ കമ്പനിക്ക് നൽകാൻ ധാരണയായേക്കും.

പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റേതിന് സമാനമായ ഡിസൈനിൽ ആലപ്പുഴ ജില്ലയിൽ ഒരു പാലത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അതുകൊണ്ട്, ആ രൂപരേഖ പ്രകാരം നിർമ്മാണം നടത്താനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കെ.ആർ.എഫ്.ബി അധികൃതർ പറയുന്നു. രൂപരേഖയിലെ വ്യത്യാസം രേഖാമൂലം ചൂണ്ടിക്കാട്ടിയാൽ അതിനുള്ള അധികതുക നൽകാമെന്ന് കെ.ആർ.എഫ്.ബി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതിനോടും കരാർ കമ്പനി പ്രതികരിച്ചിട്ടില്ല. കരാർ റദ്ദാക്കിയാൽ അതിനുള്ള നഷ്ടപരിഹാരം നിലവിലെ കരാറുകാരിൽ നിന്ന് ഈടാക്കും. കഴിഞ്ഞ നാല് മാസമായി നിർമ്മാണം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

അപ്രോച്ച് റോഡും നടന്നില്ല

നടുവിലെ സ്പാനിന്റെ നിർമ്മാണത്തെ ചൊല്ലി പാലം നിർമ്മാണം സ്തംഭിച്ച സാഹചര്യത്തിൽ അപ്രോച്ച് റോഡിന്റെ ജോലികൾ ആരംഭിക്കാൻ ധാരണയായിരുന്നു. എന്നാൽ, അതിനായി പെരുമൺ ഭാഗത്തെ മരങ്ങളും വൈദ്യുത പോസ്റ്റുകളും ലൈനുകളും ഇതുവരെ നീക്കിയിട്ടില്ല.

Advertisement
Advertisement