ആഗ്രഹം സഫലമാക്കി വേണുവിന്റെ മടക്കം

Monday 27 February 2023 12:56 AM IST

കൊച്ചി: ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും എക്‌സൈസ് കായികമേളയിൽ പങ്കെടുക്കാൻ ഏറെക്കാലമായി പരിശീലനത്തിലായിരുന്നു വേണുകുമാർ. മാസങ്ങളായി എന്നും രാവിലെ നടത്തപരിശീലനം നടത്തുമായിരുന്നു.

പരിശീലനത്തിനിടെ ഇടയ്ക്ക് കാഴ്ച മറയുമായിരുന്നുവെങ്കിലും പിന്തിരിയാൻ അദ്ദേഹം തയ്യാറായില്ല. മേളയുടെ ഭാഗമാകണമെന്ന അതിയായ ആഗ്രഹം വേണുകുമാറിനുണ്ടായിരുന്നുവെന്നും അത് സഫലമാക്കിയാണ് അദ്ദേഹം മടങ്ങിയതെന്നും സഹപ്രവർത്തകനും പാലക്കാട് എക്സൈസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ സുനിൽ 'കേരളകൗമുദി"യോട് പറഞ്ഞു. 1500 മീറ്റർ നടത്തത്തിൽ അഞ്ചാംസ്ഥാനം നേടിയശേഷം സുനിലിന്റെ അടുത്തെത്തി വേണു ഹസ്തദാനം നൽകിയിരുന്നു. ഇതിന് ശേഷം വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

പാലക്കാട് റിലേ ടീമിലുണ്ടായിരുന്ന വേണുകുമാറിനോട്, ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് പകരം മറ്റൊരാളെ മത്സരിപ്പിക്കാമെന്ന് സഹപ്രവർത്തകർ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. റിലേയിൽ പാലക്കാടിന്റെ സ്വർണനേട്ടത്തിൽ വേണു നിർണായക പങ്കുവഹിച്ചു. കുഴഞ്ഞുവീഴും വരെ മഹാരാജാസ് ഗ്രൗണ്ടിൽ പാലക്കാട് ടീമംഗങ്ങളെ പ്രോത്സാഹിപ്പിച്ച് ആവേശപൂർവം ഓടിനടന്നു.

2002ലാണ് വേണുകുമാർ എക്സൈസിന്റെ ഭാഗമായത്. അധികവും പാലക്കാടായിരുന്നു സേവനം.നിരവധി ലഹരിവേട്ടകൾ നടത്തിയ ടീമിലുണ്ടായിരുന്നു.