പ്രീ പെയ്ഡ് മീറ്ററുകൾക്കെതിരെ ജനകീയകൺവെൻഷൻ

Monday 27 February 2023 1:00 AM IST
സംസ്‌ഥാന ജനകീയ പ്രതിരോധ സമിതി, ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി കൺസ്യുമേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വൈദ്യുതിചാർജ് വർദ്ധനയ്ക്കും പ്രീ പെയ്ഡ് മീറ്ററിനുമെതിരെ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വൈദ്യുതി നിയമം 2022ലെ വ്യവസ്ഥകൾ അനുസരിച്ച് സംസ്‌ഥാന വൈദ്യുതി ബോർഡിൽ പ്രീ പെയ്ഡ് സ്മാർട്ട്‌ മീറ്ററുകൾ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം വൈദ്യുതി രംഗത്തും സ്വകാര്യവത്കരണ പദ്ധതികൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജോസഫ് സി. മാത്യു അഭിപ്രായപ്പെട്ടു. സംസ്‌ഥാന ജനകീയ പ്രതിരോധ സമിതി, ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി കൺസ്യുമേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ വൈദ്യുതിചാർജ് വർദ്ധനയ്ക്കും പ്രീ പെയ്ഡ് മീറ്ററിനും വൈദ്യുതി നിയമം 2022നും എതിരെ ചേർന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര വൈദ്യുതി നിയമത്തിനെതിരെ സമരം ചെയ്യുന്ന സി.ഐ.ടി.യു അടക്കമുള്ള ട്രേഡ് യൂണിയനുകളെ നോക്കുകുത്തിയാക്കി കടന്നുവരുന്ന സ്മാർട്ട്‌ മീറ്റർ, വൻ തോതിൽ തൊഴിലവത്സരങ്ങൾ ഇല്ലാതാക്കും. ഉപഭോക്താക്കൾക്ക് മേൽ വൻ സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിക്കുന്ന, കാർഷിക സബ്‌സിഡി പോലും ഇല്ലാതാക്കുന്ന ഈ പരിഷ്കാരത്തെ ഏതു വിധേനെയും ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.എസ്. ഇ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.സീതിലാൽ വിഷയവതരണം നടത്തി. കേരള പവർ വർക്കേഴ്സ് കോൺഗ്രസ്‌ മുൻ സംസ്‌ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ബി. വീരേന്ദ്രകുമാർ, ജനകീയ പ്രതിരോധ സമിതി സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. മാത്യു വേളാങ്ങാടൻ, എം.ഷാജർഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന സെക്രട്ടറി എം.നസീർ, പിറവന്തൂർ ഗോപാലകൃഷ്ണൻ, അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, കെ.കെ. സുരേന്ദ്രൻ, ടി.ബി.വിശ്വനാഥൻ, ഷൈല കെ.ജോൺ, കെ.ബിമൽജി, ഷറഫ് കുണ്ടറ, ബി.വിനോദ്, ഫിലിപ്പ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ്‌ എ. ജെയിംസ്‌ അദ്ധ്യക്ഷത വഹിച്ചു.