സൂര്യാഘാതം:രാവിലെ 11മുതൽ 3വരെ വെയിൽകൊള്ളരുത്

Monday 27 February 2023 1:19 AM IST

തിരുവനന്തപുരം : വേനൽച്ചൂടിൽ സൂര്യാഘാതത്തിന് സാദ്ധ്യതയുള്ളതിനാൽ രാവിലെ 11മുതൽ 3വരെയുള്ള സമയം ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിർദ്ദേശം. സൂര്യാതപം,സൂര്യാഘാതം,പകർച്ചവ്യാധികൾ എന്നിവയ്ക്കെതിരെ കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദ്ദേശം നൽകി.

അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ ശരീരം കൂടുതലായി വിയർത്ത് നിർജലീകരണം സംഭവിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം. പ്രായമായവർ,കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

ദാഹം തോന്നിയില്ലെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം
തണുത്തവെള്ളം കുടിക്കുന്നവർ ഐസിന്റെ ശുദ്ധി ഉറപ്പാക്കണം
നേരിട്ടുള്ള വെയിലേൽക്കരുത്, കുടയോ തൊപ്പിയോ ഉപയോഗിക്കുക
വസ്ത്രങ്ങൾ കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആവണം
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്
വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക

സൂര്യാഘാതം ഏറ്റതായി തോന്നിയാൽ

തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം, കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റണം

വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ കുടിക്കണം
ബോധക്ഷയം സംഭവിക്കുന്നവർക്ക് ഉടൻ ചികിത്സ ഉറപ്പുവരുത്തുക.

സൂര്യാതാപവും സൂര്യാഘാതവും?

അന്തരീക്ഷതാപം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസവും നേരിടും. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ ചുവന്നു തടുക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇതിനാണ് സൂര്യാതപമേറ്റതായി പറയുന്നത്.

Advertisement
Advertisement