ട്രെയിൻ റദ്ദാക്കൽ: മുന്നറിയിപ്പ് നൽകിയില്ലെന്ന് മന്ത്രിമാർ

Monday 27 February 2023 1:30 AM IST

തിരുവനന്തപുരം: ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് റെയിൽവേ മുന്നറിയിപ്പുകൾ നൽകിയില്ലെന്ന് മന്ത്രിമാരായ ആന്റണി രാജുവും വി.ശിവൻകുട്ടിയും. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ജനങ്ങളെ വലയ്ക്കുന്ന നടപടിയാണിതെന്ന് ആന്റണി രാജു പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതനുസരിച്ച് അടിയന്തരമായി ഗതാഗതവകുപ്പ് ക്രമീകരണങ്ങൾ നടത്തിനാലാണ് ജനങ്ങൾക്ക് കഴിഞ്ഞ ദിവസം വലിയ ദുരിതം ഒഴിവായത്.വരും ദിവസങ്ങളിൽ സമാനസാഹചര്യത്തെ നേരിടാൻ എല്ലാ ഡിപ്പോകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന് പകരം സ്‌പെഷ്യൽ റദ്ദാക്കലാണ് നടത്തിയത്. ഉത്സവത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാത്ത കേന്ദ്ര സർക്കാർ നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ റെയിൽവേയുടേത് ധാർഷ്ട്യത്തോടെയുള്ള സമീപനമാണ് മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തി.