തയ്യാറെടുപ്പില്ലാതെ തദ്ദേശ വകുപ്പിൽ 30,000 പേരുടെ പുനർവിന്യാസം
തിരുവനന്തപുരം: തദ്ദേശ വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തിന് ശേഷം മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥരെ യാതൊരു മുന്നൊരുക്കവുമില്ലാതെ പരിശീലനമൊന്നും നൽകാതെ പുനർവിന്യസിക്കുന്നത് ജീവനക്കാരേയും ജനങ്ങളേയും ബുദ്ധിമുട്ടിലാക്കുമെന്ന് ആക്ഷേപം.
മാറ്റത്തിനനുസരിച്ചുള്ള പരിശീലനം ലഭിക്കാതെയും ചട്ടങ്ങളെക്കുറിച്ച് ധാരണയില്ലാതെയുമാണ് ഉദ്യോഗസ്ഥർ പുതിയ ഓഫീസുകളിലേക്ക് പോകേണ്ടിവരുന്നത്. ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പൽ കോർപറേഷനുകളുടെയും പ്രവർത്തനത്തെയാകും ഇത് സാരമായി ബാധിക്കുക. പഞ്ചായത്ത്, ഗ്രാമവികസനം,നഗരകാര്യം, തദ്ദേശ എൻജിനിയറിംഗ്, നഗരഗ്രാമാസൂത്രണം, മുൻസിപ്പൽ കോമൺ സർവീസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് കൂട്ടിക്കലർത്തുന്നത്. സ്ഥലംമാറ്റത്തിനായി ജീവനക്കാരുടെ വിവരങ്ങൾ ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ചു തുടങ്ങി.
ഗ്രാമവികസന വകുപ്പിൽ നിന്നെത്തുന്നവരാകും കൂടുതൽ വലയുന്നത്. ഗ്രാമവികസന വകുപ്പിൽ നിന്ന് പഞ്ചായത്തുകളിലും മുൻസിപ്പൽ കോർപറേഷനുകളിലും എത്തുന്ന ജീവനക്കാർക്ക് അവിടത്തെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണവും മേൽനോട്ടവും മാത്രമായിരുന്നു ഗ്രാമവികസന വകുപ്പിന്റെ ജോലി. ഈ വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുതൽ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണർ വരെയുള്ളവരെല്ലാം ഫീൽഡ്തല പ്രവർത്തനങ്ങളിൽ മാത്രം പ്രാവീണ്യമുള്ളവരാണ്. സ്ഥാനമാറ്റത്തിന് മുമ്പ് കൃത്യമായ പരിശീലനം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ശമ്പളം നോക്കി ഏകീകരണം
ജോലിയിലെ സമാനത നോക്കാതെ ശമ്പള സ്‌കെയിൽ മാത്രം അടിസ്ഥാനമാക്കി ഏകീകരണം നടപ്പാക്കിയതാണ് വിനയായതെന്നാണ് ആക്ഷേപം. വിരമിക്കാൻ ചുരുങ്ങിയ കാലം മാത്രം ശേഷിക്കുന്നവരെ മാറ്റി നിയമിച്ചാൽ ഇവർ കാര്യങ്ങൾ പഠിച്ച് വരുമ്പോഴേക്കും വിരമിക്കാറാകും.
30758 ജീവനക്കാർ
പഞ്ചായത്ത് ....................................13404 ഗ്രാമവികസനം.............................. 4905 നഗരകാര്യം........................................ 228 മുനി.കോമൺ സർവീസ്............ 6202 നഗരഗ്രാമാസൂത്രണ വകുപ്പ് ....561 തദ്ദേശ എൻജിനിയറിംഗ്........... 5458