നടിയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ അക്രമം: പരാമർശവുമായി ഹൈക്കോടതി

Monday 27 February 2023 11:47 AM IST

കൊച്ചി: നടിക്കുനേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ പൾസർ സുനിയുടെ ജാമ്യഹർജിയിൽ നടിയുടെ മൊഴിപ്പകർപ്പ് പരിശോധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാർശം.ഹർജി വിധി പറയായാനായി മാറ്റി.

കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ തനിക്ക് ജാമ്യം നൽകണമെന്നാെവശ്യപ്പെട്ടാണ് പൾസർ സുനി കോടതിയിൽ ഹർജി നൽകിയത്. താൻ വർഷങ്ങളായി ജയിലിലാണെന്നും കൂട്ടുപ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ തനിക്കും ജാമ്യം അനുവദിക്കണം എന്നായിരുന്നു പൾസർ സുനിയുടെ പ്രധാന വാദം. ഹർജി പരിഗണിക്കുന്നതിനിടെ അതിജീവിതയുടെ മൊഴികൂടി ഹാജരാക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇന്ന് സീൽചെയ്ത കവറിൽ മൊഴിപ്പകർപ്പ് ഹാജരാക്കി. ഇത് പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ പരാമർശം ഉണ്ടായത്. നടിക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും മൊഴികളിൽ നിന്ന് ഇത് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്നു എന്നുമാണ് കോടതി പറഞ്ഞത്.

നേരത്തേ, മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.എന്നാൽ, പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനകം വിസ്താരം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.

താൻ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ദിലീപിന്റെ ആവശ്യം തള്ളിയത്.

Advertisement
Advertisement