ആറാമത് വീട് നിർമ്മാണവുമായി ചിറ്റൂർ കോളേജ്

Tuesday 28 February 2023 1:59 AM IST

ചിറ്റൂർ: ഗവ. കോളേജ് ചിറ്റൂർ, പ്ലാറ്റിനം ജൂബിലി വാർഷികാഘോഷത്തോടനുബന്ധിച്ച് നിർദ്ധനരായ ഏഴ് വിദ്യാർത്ഥികൾക്ക് വീടുവെച്ചു നൽകുന്ന 'സപ്തഗൃഹം സ്‌നേഹ ഗൃഹം' പദ്ധതിയുടെ ഭാഗമായുള്ള ആറാമത് വീടിന്റെ നിർമ്മാണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.വി. കെ.അനുരാധ നിർവഹിച്ചു. കോളേജിലെ ചരിത്ര വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയായ കൊല്ലങ്കോട് ഊട്ടറയിലെ അജ്ഞലി കൃഷ്ണക്കും കുടുംബത്തിനുമാണ് കോളേജ് ഇത്തവണ വീടുവെച്ച് നൽകുന്നത്.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ബേബി, പ്ലാറ്റിനം ജൂബിലി വാർഷികാഘോഷ കൺവീനർ ഡോ.പി.മുരുഗൻ, അദ്ധ്യാപകരായ ഡോ.എസ്.മനു ചക്രവർത്തി, കെ.പ്രദീഷ്, സി.ജഗന്നാഥൻ, സി.ഡി. രാമഭദ്രൻ, ഡോ.പി.മോഹനൻ, ഡോ.എം.സ്. നിഷമോൾ എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവെച്ചും, മറ്റ് സുമനസുകളുടെയും സാമ്പത്തിക സഹായത്തോടുകൂടിയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഭവനനിർമ്മാണ സഹായനിധിക്കായി സമ്മാനക്കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിക്കുന്നുണ്ട്. പ്ലാറ്റിനം ജൂബിലി വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഭവനനിർമ്മാണ സമ്മാനക്കൂപ്പൺ നറുക്കെറുപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോളേജിൽ വെച്ച് നടക്കും.