അമ്പുകുത്തി മലയിൽ തീപിടിത്തം: ഏക്കർ കണക്കിന് പുൽമേട് കത്തിനശിച്ചു

Tuesday 28 February 2023 12:09 AM IST

അമ്പലവയൽ: അന്തരീക്ഷ താപനില ഉയരുന്നതിനനുസരിച്ച് കാട്ടുതീ ഭീഷണിയും വർദ്ധിച്ചു. തിങ്കളാഴ്ച അമ്പുകുത്തി മലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഏക്കർകണക്കിന് സ്ഥലത്തെ പുൽമേട് കത്തി നശിച്ചു. രാവിലെ 11 മണിയോടെ എടക്കൽ ഗുഹയുടെ സമീപത്തായാണ് ആദ്യം തീ കണ്ടത്. പിന്നീട് പുൽമേട് വളരെ വേഗം കത്തിപ്പിടിക്കുകയായിരുന്നു. ബത്തേരിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ തീയണച്ചത്. ജനവാസമില്ലാത്ത പ്രദേശമാണിത്. വിനോദസഞ്ചാര കേന്ദ്രവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയായതിനാൽ ആദ്യഘട്ടത്തിൽ ആശങ്കയുണ്ടായിരുന്നു.

എന്നാൽ വളരെ വേഗം തീയണയ്ക്കാൻ കഴിഞ്ഞത് ആശ്വാസമായി. കഴിഞ്ഞദിവസം വയനാട് വന്യജീവി സങ്കേതത്തിലും തീപിടിത്തമുണ്ടായിരുന്നു. ഹെക്ടർ കണക്കിന് വനമാണ് കത്തിനശിച്ചത്. ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം കോട്ടത്തറയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. തീപ്പൊരി വീണാൽ കത്തിച്ചാമ്പലായേക്കാവുന്ന അവസ്ഥയിലാണ് പല സ്ഥലങ്ങളിലും കാട് വരണ്ടുണങ്ങി നിൽക്കുന്നത്. ചെമ്പ്ര മലയിൽ ഉൾപ്പെടെ വിനോദസഞ്ചാരികളെ പരിശോധനയ്ക്ക് വിധേയരാക്കിയാണ് കയറ്റിവിടുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ അടുത്താഴ്ചയോടെ ചെമ്പ്രയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിക്കുന്നത് താത്ക്കാലികമായി നിർത്തിവെയ്ക്കും. പിന്നീട് ജൂൺ മാസത്തിൽ മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളൂ.