പുതുശ്ശേരി വെടിയുത്സവം ആഘോഷിച്ചു
പാലക്കാട്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പുതുശേരി കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിയുത്സവം ആഘോഷിച്ചു. പുതുശേരി അമ്പലത്തിന്റെ മൂല സ്ഥാനമായ ഉള്ളാട്ടു കാവിൽ നിന്ന് പുലർച്ചെ ശോധന വേലയോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. രാവിലെ പഞ്ചാരി മേളം അരങ്ങേറി. വൈകീട്ട് ഉള്ളാട്ട് കാവിൽ നിന്ന് ഏഴ് ആനകളുടെ അകമ്പടിയോടെ ക്ഷേത്ര പരിസരത്ത് എഴുന്നെള്ളത്തും കുടമാറ്റവും നടന്നു. പഞ്ചവാദ്യം, മാലവിളക്ക്, വണ്ണാർഭൂതം, തട്ടിൽമേൽകൂത്ത്, ശിങ്കാരിമേളം, തെയ്യം, പൂക്കാവടിതുടങ്ങിയവ എഴുന്നള്ളിപ്പിന് ആകർഷകമായി. ഇന്ന് രാവിലെ 7.30ന് പതിനാലാം വേലയോടെ വെടിയുത്സവത്തിന് സമാപനമാകും.